LiveTV

Live

National

പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; പലിശ നിരക്ക് കുറച്ചു

പ്രതികൂല സാഹചര്യങ്ങളില്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് തെറ്റിച്ചാണ് ആര്‍.ബി.ഐ നടപടി.

പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; പലിശ നിരക്ക് കുറച്ചു

അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനം ആക്കി. റിവേഴ്സ് റിപ്പോ 6 ശതമാനമാക്കി. ഉപഭോക്താക്കള്‍ക്ക് ഭവന-വാഹന വായ്പകളുടെ പലിശ കുറയാന്‍ തീരുമാനം വഴിവെച്ചേക്കും.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 60 ഡോളറിന് മുകളില്‍‌ തുടരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് തെറ്റിച്ചാണ് ആര്‍.ബി.ഐ നടപടി. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായിരുന്നത് 6.25 ശതമാനമാക്കി കുറച്ചു. റിസര്‍വ്വ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.25 ശതമാനം ആയിരുന്നത് 6 ആക്കി. മറ്റു മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.

ആര്‍.ബി.ഐയുടെ വായ്പാ അവലോകന സമിതിയില്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അടക്കം 4 പേര്‍ പലിശ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ 2 പേര്‍ എതിര്‍ത്തു. 2017 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് കുറക്കുന്നത്. ഈ നടപടി കൈക്കൊള്ളാത്തതില്‍ കേന്ദ്ര സര്‍ക്കാരും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍മാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഭവന-വാഹന വായ്പകളുടെ പലിശ കുറയാന്‍ റിപ്പോ നിരക്ക് കുറച്ച തീരുമാനം വഴിവെച്ചേക്കും.