LiveTV

Live

National

കര്‍ണാടക സഭയില്‍ ബി.ജെ.പി പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാനായില്ല

കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യം പ്രതിസന്ധിയിലായതിന് ശേഷം ആദ്യമായി നടന്ന നിയമസഭാ സമ്മേളനമാണ് അലങ്കോലപ്പെട്ടത്.

കര്‍ണാടക സഭയില്‍ ബി.ജെ.പി പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാനായില്ല

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ആരംഭിച്ച നിയമസഭാ സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് സഭ പിരിഞ്ഞത്. സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം.

കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യം പ്രതിസന്ധിയിലായതിന് ശേഷം ആദ്യമായി നടന്ന നിയമസഭാ സമ്മേളനമാണ് അലങ്കോലപ്പെട്ടത്. 22 പേജുള്ള നയപ്രഖ്യാപനത്തിന്റെ രണ്ട് പേജ് വായിക്കാന്‍ മാത്രമെ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സഭയില്‍ ബഹളം രൂക്ഷമായതോടെ നയപ്രഖ്യാപനം മേശപ്പുറത്ത് വച്ച് ഗവര്‍ണര്‍ അവസാനിപ്പിച്ചു. ഇതോടെയാണ് സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.

നിയമസഭാകക്ഷി യോഗത്തിന് എത്താതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ബി.നാഗവേന്ദ്ര, കെ. മഹേഷ്, ഉമേഷ് ജാദവ്, രമേശ് ജര്‍ക്കി ഹോളി എന്നിവര്‍ സഭാസമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല. ഇവര്‍ക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സഭാ സമ്മേളനത്തിന് മുന്‍പോ ശേഷമോ വിശദീകരണം നല്‍കണമെന്നാണ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ നല്‍കിയ നോട്ടിസില്‍ പറയുന്നത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പോലും ബി.ജെ.പി തടസപ്പെടുത്തിയ സാഹചര്യത്തില്‍, വരും ദിവസങ്ങളിലും സഭയില്‍ പ്രതിഷേധം ശക്തമാകും. കര്‍ണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം കൂടിയായിരുന്നു ഇന്ന്.