LiveTV

Live

National

ഭരണഘടന സംരക്ഷണ ധര്‍ണ അവസാനിപ്പിച്ചു; സമരം വിജയമെന്ന് മമത ബാനര്‍ജി

പോരാട്ടം തുടരുമെന്നും വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടി നടത്തിയ സമരം വിജയിച്ചെന്ന് മമത ബാനര്‍ജി പറഞ്ഞു

ഭരണഘടന സംരക്ഷണ ധര്‍ണ അവസാനിപ്പിച്ചു; സമരം വിജയമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരായ സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തി വന്ന ധര്‍ണ അവസാനിപ്പിച്ചു. പോരാട്ടം തുടരുമെന്നും വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നും മമത ബാനര്‍ജി പറഞ്ഞു. വെള്ളിയാഴ്ച വരെ ധര്‍ണ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഭരണഘടന സംരക്ഷണ ധര്‍ണ അവസാനിപ്പിച്ചു; സമരം വിജയമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നതും ഷില്ലോങില്‍ വച്ച് സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരായാല്‍ മതിയെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശം തങ്ങളുടെ വിജയമാണെന്നാണ് മമത ബാനര്‍ജി അവകാശപ്പെടുന്നത്. അതിനാല്‍ ധര്‍ണ അവസാനിപ്പിക്കുകയാണ്. എങ്കിലും പോരാട്ടം തുടരുമെന്നും ഇനി വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.

Also read: ബംഗാള്‍ കേസില്‍ മമതക്ക് തിരിച്ചടിയും ആശ്വാസവും; കമ്മീഷണർ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണം, അറസ്റ്റ് പാടില്ല

ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എത്തിയ ശേഷമാണ് ധര്‍ണ അവസാനിപ്പിക്കുന്നതായി മമത അറിയിച്ചത്. അതേസമയം കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ സംഘത്തെ രൂപീകരിച്ചു. ഡി.സി.പി തത്താഗത ബര്‍മ്മനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. കോടതി നിര്‍ദേശം അനുസരിച്ച് ബംഗാളിന് പുറത്തുള്ള ഷില്ലോങില്‍ വച്ചാണ് രാജീവിനെ ചോദ്യം ചെയ്യുക. ഇതിനായി ഫെബ്രുവരി എട്ടിന് രാജീവ് കുമാര്‍ മേഘാലയിലേക്ക് പോകുമെന്നാണ് വിവരം. പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പിന്തുണ ധര്‍ണക്ക് നേടാനായത് മമതയുടെ വിജയമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.