LiveTV

Live

National

മമതയുടെ ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; കനിമൊഴിയും തേജസ്വി യാദവും ഐക്യദാർഢ്യം അറിയിച്ചു

അതേസമയം സുപ്രിം കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

മമതയുടെ ധര്‍ണ മൂന്നാം ദിവസത്തിലേക്ക്; കനിമൊഴിയും തേജസ്വി യാദവും ഐക്യദാർഢ്യം അറിയിച്ചു

ബംഗാളിലെ ഭരണഘടന പ്രതിസന്ധിയിൽ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഡി.എം.കെ നേതാവ് കനിമൊഴി എന്നിവർ മമതയെ സമരപ്പന്തലിലെത്തി കണ്ട് ഐക്യദാർഢ്യം അറിയിച്ചു.അതേസമയം സുപ്രിം കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരമാണ് മമതാ ബാനർജി ധരണ ആരംഭിച്ചത്. സർക്കാരിന്റെ പ്രവർത്തനം തടസ്സം കൂടാതെ നടത്താൻ ക്യാബിനറ്റ് യോഗം അടക്കമുള്ളവ പന്തലിനു സമീപം തന്നെ മുഖ്യമന്ത്രി നടത്തി .രാജീവ് കുമാറിന്റെ സാന്നിധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ വിതരണം നടത്തിയത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന മമതയുടെ നിലപാടിന് അടിവരയിടുന്നതാണ്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ നേടാൻ ആയതും മമതാ ബാനർജിയുടെ നേട്ടമാണ്. സി.പി.എം-ടി.ആർ.എസ് എന്നീ പാർട്ടികൾ മാത്രമാണ് മമതക്ക് ഐക്യദാർഢ്യം അറിയിക്കാതെ മാറി നിൽക്കുന്നത്. മമതാ ബാനർജി വരച്ച ചിത്രങ്ങൾ കോടിക്കണക്കിന് രൂപയ്ക്ക് ചിട്ടിക്കമ്പനികൾ വാങ്ങിയെന്ന് ആരോപണം നില നിൽക്കുന്നുണ്ട്.

അതിനാൽ ഇപ്പോൾ കടുത്ത നിലപാട് എടുത്തില്ലെങ്കിൽ കേസിൽ വൈകാതെ മമതയെയും സി.ബി.ഐ ചോദ്യം ചെയ്യലിനായി സമീപിക്കുമെന്നതാണ് തൃണമൂലിന്റെ ഭയം. അതേസമയം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ബംഗാളിൽ നടത്തിയ റാലികളിൽ മമതാ സർക്കാർ എടുത്ത നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ചിട്ടി തട്ടിപ്പ് കേസിലെ ആരോപണ വിധേയനായ മുകുൾ റോയ് ഇപ്പോൾ ബിജെപിയിൽ ആണെന്നതും കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ ദുർബലമാകുന്നതാണ്. ഒപ്പം മമതാ ബാനർജിക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം അണിനിരന്നും നിലവിലെ ബി.ജെ.പിയുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നതാണ്. സംസ്ഥാനത്തെ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഈ വെള്ളിയാഴ്ച ധരണ അവസാനിപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Also read: ‘’സമരം ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കെതിരെയല്ല, മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ’’യെന്ന് മമത

Also read: ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് മമത; രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി