LiveTV

Live

National

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; നിര്‍ണായക നിയമസഭാ സമ്മേളനം നാളെ തുടങ്ങും

കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യത്തിലുണ്ടായ വിള്ളലുകളും എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചതുമാണ് കര്‍ണാടകയിലെ പ്രതിസന്ധിക്ക് കാരണം.

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; നിര്‍ണായക നിയമസഭാ സമ്മേളനം നാളെ തുടങ്ങും

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയിലെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. അധികാരം പിടിക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ സമ്മേളനം നിര്‍ണായകമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഇന്ന് വൈകിട്ട് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ നിര്‍ണായക യോഗവും ഇന്ന് നടക്കും.

കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യത്തിലുണ്ടായ വിള്ളലുകളും എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചതുമാണ് കര്‍ണാടകയിലെ പ്രതിസന്ധിക്ക് കാരണം. സഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല.

നിലവില്‍ 118 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഉള്ളത്. 120ല്‍ നിന്നും രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതോടെയാണിത്. നിയമസഭ കക്ഷി യോഗത്തിനെത്താതിരുന്ന അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ബി.നാഗവേന്ദ്ര, കെ.മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ വിശദീകരണം നല്‍കി. എന്നാല്‍ ഇവരോട് നേരില്‍ ഹാജരാകാന്‍ കത്തുനല്‍കിയിട്ട് ദിവസങ്ങള്‍ ആയെങ്കിലും അതുണ്ടായിട്ടില്ല. മറ്റൊരു എം.എല്‍.എ ആയ രമേശ് ജര്‍ക്കിഹോളി ഇനിയും വിശദീകരണം നല്‍കിയിട്ടില്ല.

ആനന്ദ് സിംഗിനെ മര്‍ദിച്ച് ഒളിവില്‍ പോയ കോണ്‍ഗ്രസ് എം.എല്‍.എ ജി.എം ഗണേശിനെ കുറിച്ചും വിവരങ്ങളില്ല. ഏതെങ്കിലും തരത്തില്‍ ബി.ജെ.പിയെ പിന്തുണക്കാന്‍ ഈ എം.എല്‍.എമാര്‍ ശ്രമിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കും. അതോടെ സഭയിലെ ആകെ അംഗസംഖ്യ 219 ആയി ചുരുങ്ങും. കേവല ഭൂരിക്ഷം 110ലെത്തും. അഞ്ച് പേര്‍ പോയാലും 113 എന്ന സംഖ്യയില്‍ കോണ്‍ഗ്രസ് - ദള്‍ സഖ്യത്തിന് ഭരണം തുടരാം. എന്നാല്‍ സ്വതന്ത്രരെ ഒപ്പം കൂട്ടിയാലും 108 പേരേ ബി.ജെ.പിക്ക് ഉണ്ടാവൂ.