LiveTV

Live

National

ധര്‍ണയില്‍ മമതയോടൊപ്പം പങ്കെടുത്തത് സര്‍വീസ് പെരുമാറ്റചട്ടലംഘനം: കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേന്ദ്രം

ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മമതാ ബാനര്‍ജി റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലെ രേഖകള്‍ പുറത്ത് വിട്ടു.

ധര്‍ണയില്‍ മമതയോടൊപ്പം പങ്കെടുത്തത് സര്‍വീസ് പെരുമാറ്റചട്ടലംഘനം: കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കേന്ദ്രം

കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കേന്ദ്രം അച്ചടക്ക നടപടികള്‍ തുടങ്ങി. സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കമ്മീഷണര്‍‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. അതിനിടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മമതാ ബാനര്‍ജി റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലെ രേഖകള്‍ പുറത്ത് വിട്ടു.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ സി.ബി.ഐ അന്വേഷണത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് മമതയുടെ ശ്രമം. 2013 ലെ റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് മമത ബാനര്‍ജി പുറത്ത് വിട്ടത്. റോസ് വാലി ചിട്ടി തട്ടിപ്പില്‍ ബി.ജെ.പി അസം ഡെപ്യൂട്ടി മുഖ്യമന്ത്രി ഹിമാനന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് മമതയുടെ ആരോപണം. എന്തുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു. സി.പി.എമ്മിന്റെ കാലത്താണ് തട്ടിപ്പൊക്കെ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മമതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹിമാനന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അതേസമയം കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനെ സമീപിച്ചു. ധര്‍ണയില്‍ മമതയോടൊപ്പം പങ്കെടുത്തതത് സര്‍വീസ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് കമ്മീഷണര്‍ വേദിയില്‍ എത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.