LiveTV

Live

National

‘മോദി ഭക്തി’യില്‍ ഒന്നിച്ച ദമ്പതികള്‍, ഒരു മാസത്തിന് ശേഷം വേര്‍പിരിയാനൊരുങ്ങുന്നു

വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ ‘നമോ’ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രവും കുറിപ്പും പിന്നീട് വൈറലായിരുന്നു.

‘മോദി ഭക്തി’യില്‍ ഒന്നിച്ച ദമ്പതികള്‍, ഒരു മാസത്തിന് ശേഷം വേര്‍പിരിയാനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഭക്തിയാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന് പറഞ്ഞ്, വിവാഹിതരായ ദമ്പതികളെ ഓര്‍മയുണ്ടോ? ഗുജറാത്ത് സ്വദേശികളായ ജയ് ദേവും അല്‍പിക പാണ്ഡെയുമാണ് പ്രധാനമന്ത്രി മോദിയോടുള്ള ഭക്തി മൂത്ത് ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായത്. 2018 ഡിസംബര്‍ 31നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹിതരായി ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയ് ദേവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍പിക. തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോകള്‍, ബി.ജെ.പിക്കുള്ളിലും നവമാധ്യമങ്ങളിലും പബ്ലിസിറ്റി കിട്ടാനായി ജയ് ദേവ് ഉപയോഗിച്ചെന്നും അല്‍പിക ആരോപിക്കുന്നു.

വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ 'നമോ' ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ തങ്ങളെങ്ങനെ കണ്ടുമുട്ടിയെന്നും എങ്ങനെ പ്രണയത്തിലായെന്നും വിവാഹത്തിലെത്തിയതെങ്ങനെയെന്നും ജയ് ദേവ് വിശദീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ മോദിയെ പിന്തുണച്ച് ജയ്‌ദേവ് കമന്റിട്ടിരുന്നു. ആ കമന്റ് അല്‍പിക ലൈക്ക് ചെയ്തതാണ് തങ്ങള്‍ കണ്ടുമുട്ടാന്‍ കാരണമെന്നായിരുന്നു ജയ്‌ദേവ് കുറിച്ചിരുന്നത്. ഈ ചിത്രവും കുറിപ്പും പിന്നീട് വൈറലായിരുന്നു.

‘മോദി ഭക്തി’യില്‍ ഒന്നിച്ച ദമ്പതികള്‍, ഒരു മാസത്തിന് ശേഷം വേര്‍പിരിയാനൊരുങ്ങുന്നു

എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവ് ജയദേവിനെതിരെ കടുത്ത പരാതിയുമായി ട്വിറ്ററിലൂടെ തന്നെ രംഗത്തു വന്നിരിക്കുകയാണ് അല്‍പിക. ജയദേവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് അല്‍പിക പറയുന്നു. ഇതിന് ജയദേവിന്റെ വീട്ടുകാര്‍ പിന്തുണ നല്‍കുകയാണ്. തനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. പോകണമെങ്കില്‍ വീട്ടുകാര്‍ ആരെങ്കിലും കൂടെ വരും. ഫോണ്‍ വരെ താന്‍ അറിയാതെ എടുത്ത് പരിശോധിക്കുന്നു. തന്റെ സ്വകാര്യതയെ വരെ ചോദ്യം ചെയ്യുന്നു. താന്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും അല്‍പിക പാണ്ഡെ പറയുന്നു.

സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് 18കാരിയായ അല്‍പിക, 29 കാരനായ ജയ്‌ദേവിനെ വിവാഹം കഴിച്ചത്. ജയ്‍ദേവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചതെന്നും അല്‍പിക പറയുന്നു. ഫെബ്രുവരി 1ന് അല്‍പിക സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നിട്ടുണ്ട്. കുടുംബപ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അല്‍പിക പറയുന്നു.