LiveTV

Live

National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നും തുടരും; മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും

ഗാന്ധി വധം പുരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ നടപടി ലോക്സഭ ചര്‍ച്ച ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നും തുടരും; മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടരും. മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. ബജറ്റ് വാഗ്ദാനങ്ങളിലും റഫാല്‍ വിഷയത്തിലും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധിച്ചേക്കും. ഗാന്ധി വധം പുരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ നടപടി ലോക്സഭ ചര്‍ച്ച ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റില്‍ കേന്ദ്രസര്‍‌ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവസാന അവസരമാണ് പ്രതിപക്ഷത്തിന് ഈ ബജറ്റ് സമ്മേളനം .അത് പരമാവധി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം . ഇന്നു മുതല്‍ നാല് ദിവസം ലോക്സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ പാര്‍ട്ടി, അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയവും ബജറ്റ് ചര്‍ച്ചയുമാണ് ഇരു സഭകളിലും പ്രധാനകാര്യ പരിപാടി.

ബജറ്റ് വാഗ്ദാനങ്ങള്‍ വെറുംവാക്ക് മാത്രമാണെന്നും പൊതു തെരെഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളവയാണ് എന്നുമാണ് പ്രതിപക്ഷ ആക്ഷേപം. റഫാല്‍ കരാര്‍ അഴിമതി വിഷയം കോണ്‍‌ഗ്രസ്സ് വീണ്ടും ഉയത്തികാട്ടാൻ ഇടയുണ്ട്. കരാറിലെ ഇന്ത്യന്‍ വാണിജ്യ പങ്കാളിയായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍‌ പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയത് പ്രതിപക്ഷം ആയുധമാക്കിയേക്കും. റിലയന്‍സിനെ സാമ്പത്തിക തകര്‍ച്ച യില്‍ നിന്ന് രക്ഷിക്കാനാണ് റഫാല്‍ കറാറില്‍ ഉള്‍പ്പെടുത്തിയത് എന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

മുത്തലാഖ് ഓർഡിനൻസ് നിയമമാക്കാനുള്ള ബില്ലാണ് മറ്റൊരു പ്രധാന വിഷയം . പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ നിയമ മന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിക്കും. ഗാന്ധി വധം പുരാവിഷ്കരിച്ച ഹിന്ദുമഹാസഭയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ലോക്സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിന് ഇരു സഭകളും അനുശോചനം രേഖപ്പെടുത്തും.