LiveTV

Live

National

ബംഗാളില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ സംഭവം: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സി.ബി.ഐ നടപടിക്കെതിരെ ബംഗാള്‍ പൊലീസ് ഹൈക്കോടതിയില്‍; സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ചുള്ള മമത ബാനര്‍ജിയുടെ സമരം 18 മണിക്കൂര്‍ പിന്നിട്ടു

ബംഗാളില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞ സംഭവം: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പശ്ചിമ ബംഗാളിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധിച്ചതോടെയാണ് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തത്. മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. സി.ബി.ഐക്കെതിരെ ബംഗാള്‍ പൊലീസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സി.ബി.ഐക്കെതിരെയല്ല, മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയാണ് സമരം ചെയ്യുന്നതെന്ന് മമത പറഞ്ഞു.

Also read: ബംഗാള്‍ സര്‍‌ക്കാരിനെതിരായ സി.ബി.ഐ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി

Also read: കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ 40 അംഗ സി.ബി.ഐ സംഘം റെയ്ഡിന് എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ സംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ, കമീഷണറുടെ വസതിയിലെത്തിയ മമത ബാനര്‍ജി, സി.ബി.ഐയെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

രാജീവ് കുമാറാണ് ചിട്ടി തട്ടിപ്പ് കേസുകളില്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്. കേസിലെ ചില രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ്കുമാറിന് സി.ബി.ഐ സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇരു കേസുകളിലെയും പ്രതികള്‍ തൃണമൂലുമായി ബന്ധപ്പെട്ടവരാണെന്നാണ് സി.ബി.ഐ വാദം.