2014 ലെ പൊതുതെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ
‘’എത്ര നാളാണ് കള്ളമിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുക? ജനങ്ങളുടെ പ്രതീക്ഷകളെല്ലാം സര്‍ക്കാര്‍ ഇല്ലാതാക്കി. എന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചുവെന്ന സര്‍ക്കാരിന്റെ വാദം തന്നെ കള്ളമാണ്.’’

2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ.
''അതെ, 2014 ല്‍ ബി.ജെ.പി അധികാരത്തിലേറാന്‍ എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ലോക്പാലിന് വേണ്ടിയുള്ള എന്റെ സമരം വഴിയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അധികാരത്തിൽ വന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാലിപ്പോള്‍ അവരോടുള്ള എല്ലാ ബഹുമാനവും എനിക്ക് നഷ്ടപ്പെട്ടു-'' റാലെഗൻ സിദ്ധിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി. സർക്കാർ കഴിഞ്ഞ നാല് വർഷമായി ജനങ്ങളോട് കള്ളങ്ങൾ പറഞ്ഞുകൊണ്ടാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''എത്ര നാളാണ് കള്ളമിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുക? ജനങ്ങളുടെ പ്രതീക്ഷകളെല്ലാം സര്‍ക്കാര്‍ ഇല്ലാതാക്കി. എന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചുവെന്ന സര്‍ക്കാരിന്റെ വാദം തന്നെ കള്ളമാണെന്നും 81 കാരനായ അണ്ണാ ഹസാരെ പറയുന്നു.
തന്റെ സമരം ഉപയോഗപ്പെടുത്തി 2011ലും 2014ലും അധികാരം നേടിയവർ താൻ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഒരു മാറ്റവും കൊണ്ടുവരാൻ അവർ ശ്രമിച്ചില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.

‘’കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വരുമെന്നും ഞാനുമായി ചര്‍ച്ച നടത്തുമെന്നും മാത്രമാണ് മാറിമാറി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇനി തീരുമാനമെടുത്ത് അതെല്ലാം രേഖയിലാക്കി എനിക്ക് നല്‍കുകയാണ് വേണ്ടത്. എനിക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.’ അണ്ണാ ഹസാരെ പറയുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ സമരത്തിന്റെ ഭാഗമാകാമെന്നും, എന്നാൽ അദ്ദേഹവുമായി പ്രസംഗവേദി പങ്കിടാൻ താൻ തയ്യാറല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അണ്ണാ ഹസാരെ പറഞ്ഞു.

തന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആറുദിവസമായി നിരാഹാരസമരത്തിലാണ് ഈ 81 കാരന്. തന്റെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ലോക്പാല്‍- ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല ഉപവാസസമരത്തിന് അണ്ണാ ഹസാരെ തുടക്കം കുറിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്.