LiveTV

Live

National

മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്നു സ്ത്രീകള്‍

മനപൂര്‍വം വ്യാജ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേരത്തെ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ തുറന്നുസമ്മതിച്ച സാഹചര്യത്തില്‍

മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്നു സ്ത്രീകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി അധികം ദൂരമില്ല. 2014 ല്‍ നരേന്ദ്ര മോദിയും എന്‍.ഡി.എയും പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യമല്ല നിലവിലുള്ളത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വാഗ്ദാനങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും അതൊന്നും തുണക്കെത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പ്രത്യേകിച്ചും, മനപൂര്‍വം വ്യാജ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേരത്തെ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ തുറന്നുസമ്മതിച്ച സാഹചര്യത്തില്‍ ഇടക്കാല ബജറ്റിനെ ആ രീതിയിലായിരിക്കും ജനങ്ങള്‍ നോക്കി കാണുകയെന്നാണ് വിലയിരുത്തല്‍. പ്രതികൂല സാഹചര്യങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ മോദിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക ദേശീയ രാഷ്ട്രീയത്തിലെ മൂന്നു സ്ത്രീകളായിരിക്കും. അതും ഇന്ത്യന്‍ സമൂഹത്തിലെ മൂന്നു വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മൂന്നു വനിതാ നേതാക്കള്‍. ഇവരുടെ പ്രഭാവം തെരഞ്ഞെടുപ്പില്‍ തെളിഞ്ഞാല്‍ മോദിക്ക് രണ്ടാമൂഴം എന്നത് സ്വപ്നമായി തന്നെ അവശേഷിക്കും. പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി, മായാവതി എന്നിവരാണ് ആ മൂന്നു വനിതാ നേതാക്കള്‍.

പ്രിയങ്ക ഗാന്ധി

മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്നു സ്ത്രീകള്‍

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വര്‍ഷങ്ങളോളം രാജ്യം ഭരിച്ച നെഹ്റു - ഗാന്ധി കുടുംബത്തിലെ പ്രധാന കണ്ണി. പ്രിയങ്കയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞമാസമാണ് അതിലൊരു തീരുമാനമുണ്ടായത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയെ കോണ്‍ഗ്രസ് മുഖമായി അവതരിപ്പിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഫലം ഏറക്കുറെ തെളിയുമെന്ന അവസ്ഥയിലാണ് പ്രിയങ്ക എത്തുന്നത്. മുമ്പ് പലവട്ടം പ്രിയങ്കയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും അതിനൊപ്പം ഉയര്‍ന്നുകേട്ടത് രാഹുലിന്റെ പോരായ്മകള്‍ കൂടിയായിരുന്നു. എന്നാല്‍ ആ കാലം മാറി. രാഹുലും മാറി. ഇന്ന് പ്രധാനമന്ത്രി പദത്തിലേക്ക് പല പ്രമുഖ കക്ഷികളുടെയും നേതാക്കള്‍ നിര്‍ദേശിക്കുന്നത് രാഹുലിനെയായി. ഈ അനുകൂല സാഹചര്യത്തിനിടെയാണ് രാഹുല്‍ തന്നെ മുന്‍കൈ എടുത്ത് പ്രിയങ്കയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രിയങ്കക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുഖസാദൃശ്യവും കോണ്‍ഗ്രസിന് ഗുണമാകുമെന്നാണ് കരുതുന്നത്.

എന്‍.ഡി.എയിലുള്ളതിനേക്കാള്‍ കരുത്തരായ വനിതാ നേതാക്കള്‍ ഇന്ന് പ്രതിപക്ഷനിരയിലാണുള്ളത്. വോട്ടര്‍മാരെ പൊതുവിലും പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ മറ്റാരേക്കാളും ഇവര്‍ക്ക് സാധിക്കും. - യശ്വന്ത് സിന്‍ഹ

മായാവതി

മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്നു സ്ത്രീകള്‍

പ്രധാനമന്ത്രി പദത്തിലേക്ക് പലരും പ്രതീക്ഷിക്കുന്ന നേതാക്കളില്‍ ഒരാളാണ് ബി.എസ്.പി നേതാവ് മായാവതി. മുന്‍ അധ്യാപികയായ മായാവതിക്കൊപ്പമാണ് ഉത്തര്‍പ്രദേശിലെ ദലിത് ഭൂരിപക്ഷം. എന്നാല്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മായാവതിയുടെ ബി.എസ്.പിക്ക് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. നാല് തവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട് മായാവതി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനെ മായാവതി നേരിടുന്നത് അഖിലേഷ് യാദവിന്റെ എസ്.പിക്കൊപ്പം അണിചേര്‍ന്നാണ്. ബി.ജെ.പി വിരുദ്ധതയുടെ പേരില്‍ എസ്.പിയും ബി.എസ്.പിയും ഒന്നായപ്പോള്‍ ബി.ജെ.പിക്ക് മുന്നില്‍ ഉയര്‍ന്നിരിക്കുന്നത് വന്‍ വെല്ലുവിളി തന്നെയാണ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഇരു നേതാക്കളും മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാഹുലിന്റെ അമേത്തിയിലും സോണിയയുടെ റായ്ബറേലിയിലും എസ്.പി - ബി.എസ്.പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നാണ് തീരുമാനം.

മമത ബാനര്‍ജി

മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്നു സ്ത്രീകള്‍

ദേശീയ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്. ബി.ജെ.പി വിരുദ്ധ ചേരിയിലെ പ്രധാനി. ബി.ജെ.പിയിലെ വമ്പന്‍മാരായ നേതാക്കളെ പോലും വംഗനാട്ടില്‍ നിലംതൊടീക്കാതെ ചെറുത്തുനില്‍ക്കുന്ന മമത തന്നെയാണ് മോദിക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്നവരില്‍ മുന്നില്‍. ദശാബ്ദങ്ങള്‍ ചോദ്യംചെയ്യപ്പെടാതെ നിലകൊണ്ട കമ്യൂണിസ്റ്റ് ഭരണകൂടത്തെ വേരൊടെ പിഴുതെറിഞ്ഞാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരക്കൊടി നാട്ടിയത്. അടുത്തിടെ കൊല്‍ക്കത്തയില്‍ നടത്തിയ റാലി ബി.ജെ.പി കൂടാരത്തിനുള്ളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പതിനായിരങ്ങളാണ് വംഗനാടിന്റെ ദീദിയെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്. 1997 ല്‍ കോണ്‍ഗ്രസില്‍ നിന്നകന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സൃഷ്ടി കര്‍മം നിര്‍വഹിച്ച മമത, പക്ഷേ സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തബന്ധം തന്നെയാണ് ഇപ്പോഴും പുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മമതയുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.