LiveTV

Live

National

കേന്ദ്ര ബജറ്റില്‍ ആവര്‍ത്തനങ്ങള്‍; തൊഴിലുറപ്പ് വിഹിതം കുടിശ്ശികക്ക് പോലും തികയില്ല

ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ പണം കുടിശ്ശിക പോലും കൊടുത്തുതീര്‍ക്കാന്‍ തികയില്ല.

 കേന്ദ്ര ബജറ്റില്‍ ആവര്‍ത്തനങ്ങള്‍; തൊഴിലുറപ്പ് വിഹിതം കുടിശ്ശികക്ക് പോലും തികയില്ല

കേന്ദ്ര ബജറ്റിലെ പല പ്രഖ്യാപനങ്ങളും നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളവയാണ്. ചിലത് നടപ്പിലാക്കാന്‍ പ്രയാസമേറിയതും. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ പണം കുടിശ്ശിക പോലും കൊടുത്തുതീര്‍ക്കാന്‍ തികയില്ല.

60000 കോടിയാണ് ഈ ബജറ്റില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയത്. നിലവില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കുടിശ്ശികയുള്ളത് ഒരു ലക്ഷത്തി എഴുപത്താറായിരത്തി അഞ്ഞൂറ്റി അറുപത്തെട്ട് കോടി രൂപ. കേരളത്തിന് മാത്രം ആയിരം കോടി കുടിശ്ശികയുണ്ട്. ആറ് മാസമായി കുടിശ്ശികയിനത്തില്‍ നയാപൈസ കിട്ടിയിട്ടില്ല. ഈ കുടിശ്ശികക്ക് പോലും പണം വകയിരുത്താതെയാണ് കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അവസാന ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ കണക്കില്‍ പണം നല്‍കാന്‍ വേണ്ടത് 75000 കോടിയാണ്.

അസംഘടിത മേഖലയിലെ തൊഴിലാളി പെന്‍ഷന് വെറും 500 കോടിയും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നില്ല. ഇ.എസ്.ഐ പരിധി 21000 ആയി ഉയര്‍ത്തിയെന്ന പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതാണ്. 2016 ല്‍ തന്നെ ഇ.എസ്.ഐ പരിധി 21000 ആക്കിയിട്ടുണ്ട്. ധനക്കമ്മിയെക്കുറിച്ച സര്‍ക്കാരിന്റെ അവകാശവാദവും കണക്കിലെ കളിയാണെന്നാണ് വിദഗ്ധ പക്ഷം. കാര്‍ഷിക പദ്ധതികള്‍ക്കുളള വിഹിതവും ആദായ നികുതി പരിധി ഉയര്‍ത്തിയതുമൂലമുള്ള നികുതി നഷ്ടവും കൂട്ടിയാല്‍ നിലവിലെ 3.4 ശതമാനമെന്ന ധനക്കമ്മി 3.7 ശതമാനമാവുമെന്നാണ് വിലയിരുത്തല്‍.