LiveTV

Live

National

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് ജയപ്രദ

സമാജ്‌വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എം.എല്‍.എയുമായ അസം ഖാന്‍ തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് ജയപ്രദ

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചതില്‍ വിഷമിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് നടിയും രാഷ്ട്രീയനേതാവുമായ ജയപ്രദ. മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എം.എല്‍.എയുമായ അസം ഖാന്‍ തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു. മുംബൈ ക്യൂന്‍സ് ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയപ്രദയുടെ വെളിപ്പെടുത്തലുകള്‍.

'അമര്‍ സിങ് ഡയാലിസിസിന് വിധേയനായിരിക്കുന്ന സമയത്താണ് എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. പൊട്ടിക്കരഞ്ഞുപോയ എനിക്ക് ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതായി. ആത്മഹത്യ ചെയ്യാനായിരുന്നു അപ്പോള്‍ തോന്നിയത്. അന്നതെ വിഷമാവസ്ഥയില്‍ സഹായിക്കാന്‍ പോലും ആരുമെത്തിയില്ല' ജയപ്രദ പറയുന്നു.

അമര്‍സിങും ജയപ്രദയും
അമര്‍സിങും ജയപ്രദയും

തന്നെയും അമര്‍സിംങിനേയും ചേര്‍ത്ത് പലരും പലതും പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ ഞാന്‍ രാഖി അണിയിച്ച ശേഷം പോലും ഈ പ്രചരണങ്ങള്‍ തുടര്‍ന്നു. ഡയാലിസിസ് കഴിഞ്ഞ് വന്ന അമര്‍സിംങ് ആ പ്രതിസന്ധി ഘട്ടത്തിലും എനിക്കൊപ്പം നിന്നു. അങ്ങനെയൊരാളെ ഗോഡ്ഫാദറായോണോ മറ്റെന്തെങ്കിലുമായാണോ കാണേണ്ടത്? ഇപ്പോള്‍ ജനങ്ങള്‍ എന്തുപറയുന്നുവെന്നത് ഞാന്‍ ശ്രദ്ധിക്കാറു പോലുമില്ല.

ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നും രണ്ട് തവണ പാര്‍ലമെന്റിലെത്തിയ ജയപ്രദയെ 2010ല്‍ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കിയിരുന്നു. മുലായംസിംങ് യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അമര്‍സിംങിനേയും ജയപ്രദയേയും ഒരുമിച്ചാണ് എസ്.പി പുറത്താക്കിയത്. സമാജ്‌വാദി നേതാവും ജനപ്രതിനിധിയുമായ അസംഖാനില്‍ നിന്നും ഭീഷണികളുണ്ടായിട്ടുണ്ടെന്നും ജയപ്രദ പറഞ്ഞു. പാര്‍ലമെന്റ് അംഗമായിരുന്ന സമയത്ത് പോലും ഭീഷണികള്‍ നേരിടേണ്ടി വന്നു. എനിക്ക് നേരെ ആസിഡ് ആക്രമണ ശ്രമം നടന്നു. അതിന് പിന്നില്‍ അസം ഖാനായിരുന്നു. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മടങ്ങിവരുമോയെന്ന് ഉറപ്പില്ലെന്ന് അമ്മയോട് പറഞ്ഞാണ് ഇറങ്ങിയിരുന്നതെന്നും ജയപ്രദ പറയുന്നു.

സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംങും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിരുന്നു. 2016ല്‍ അമര്‍ സിംങിനെ എസ്.പിയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും അഖിലേഷ് യാദവ് പ്രബലനായതോടെ വീണ്ടും പുറത്തായി. അടുത്തിടെ അസംഖാന്‍ തന്റെ മകള്‍ക്കു നേരെ ആസിഡ് ആക്രമണ ഭീഷണി നടത്തിയെന്ന് കാണിച്ച് അമര്‍സിംങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.