LiveTV

Live

National

പ്രൊഫ. ആനന്ദ് തെല്‍തുംഡെയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

ഫെബ്രുവരി 11 വരെ ആനന്ദിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പുനെ പൊലീസ് ആനന്ദിനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

പ്രൊഫ. ആനന്ദ് തെല്‍തുംഡെയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

ദലിത് ചിന്തകനും അക്കാദമീഷ്യനുമായ പ്രൊഫ. ആനന്ദ് തെല്‍തുംഡെയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമെന്ന് പുനെ സെഷന്‍സ് കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിന് ആനന്ദിന് കോടതിയെ സമീപിക്കാമെന്നും പുനെ കോടതി വിധിച്ചു.

ഫെബ്രുവരി 11 വരെ ആനന്ദിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പുനെ പൊലീസ് ആനന്ദിനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. 2017 ലെ ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ആനന്ദിനെതിരെ നടപടിയെടുത്തത്. കലാപത്തിനാഹ്വാനം ചെയ്‌തെന്നായിരുന്നു ആനന്ദിനെതിരായ കേസ്. സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവ്ലാഖ തുടങ്ങിയവരും സമാനമായ കേസ് നേരിടുന്നുണ്ട്.

തെല്‍തുംദെയുടെ ജാമ്യാപേക്ഷ പൂനെ ട്രയല്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അറസ്റ്റ്. ജാമ്യം ലഭിക്കുന്നതിനായി നേരത്തെ കീഴ്‌ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍തുംദെയ്ക്ക് നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. ഫെബ്രുവരി 11 വരെയുള്ള ഈ കാലയളവ് പൂര്‍ത്തിയാകും മുമ്പ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചാണ് പൂനെ സെഷന്‍സ് കോടതി തെല്‍തുംഡെയെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.