LiveTV

Live

National

ബി.ജെ.പിയില്‍ നിന്ന് അകന്ന വോട്ടുബാങ്ക് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് 

കാര്‍ഷിക, ഗ്രാമീണ, ഇടത്തട്ട്, സൈനിക മേഖലകളിലെ അസംതൃപ്തി മാറ്റിയെടുക്കുന്നതോടൊപ്പം ഗോസംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് എടുത്തു പറഞ്ഞ് സംഘ്പരിവാര്‍ വോട്ടുബാങ്കിനെ..

ബി.ജെ.പിയില്‍ നിന്ന് അകന്ന വോട്ടുബാങ്ക് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് 

തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ട്ടിയില്‍ നിന്നും അകന്ന എല്ലാ വോട്ടുബാങ്കുകളെയുമാണ് ലക്ഷ്യമിടുന്നത്. അധികാരത്തിലേറിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ അപ്രസക്തമാക്കാനും പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലൂടെ ബി.ജെ.പിക്ക് കഴിഞ്ഞു. അതേസമയം സ്വാമിനാഥന്‍ കമ്മീഷന്‍ വിഷയത്തില്‍ 2014ലെ തെരഞ്ഞെടുപ്പ് കാലത്തു കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം തന്നെയാണ് ഈ ബജറ്റിലും ബി.ജെ.പി ആവര്‍ത്തിച്ചത്.

സമീപകാല തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയില്‍ നിന്നും അകലാന്‍ തുടങ്ങിയ കാര്‍ഷിക, ഗ്രാമീണ, ഇടത്തട്ട്, സൈനിക മേഖലകളിലെ അസംതൃപ്തി മാറ്റിയെടുക്കുന്നതോടൊപ്പം ഗോസംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് എടുത്തു പറഞ്ഞ് സംഘ്പരിവാര്‍ വോട്ടുബാങ്കിനെ ഉറപ്പിച്ചു നിര്‍ത്താനും കൂടിയായിരുന്നു ഗോയലിന്റെ ശ്രമം. വ്യാവസായിക നിര്‍മ്മാണ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയ മുന്‍കാല ബജറ്റുകളുടെ സ്ഥാനത്ത് കാര്‍ഷിക, ഗ്രാമീണ മേഖലയിലാണ് ഇക്കുറി മോദി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ഉല്‍പ്പാദന ചെലവിന്റെ 150 ശതമാനം താങ്ങുവില കര്‍ഷകന് ലഭ്യമാക്കുമെന്ന് വാക്കു നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പി തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ എങ്ങനെയാണ് വാക്കുപാലിക്കുകയെന്നത് അവ്യക്തമായി തുടരുന്നു.

തെലങ്കാന, ഒഡീഷ മുതലായ സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പാക്കേജുമായി തട്ടിച്ചു നോക്കിയാല്‍ ഗോയലിന്റെ ബജറ്റ് ഏറെയൊന്നും പ്രതീക്ഷ നല്‍കുന്നതുമല്ല. ആദായ നികുതി റിബേറ്റിന്റെ കാര്യത്തിലും ഞാണിന്‍മേല്‍ കളിയാണ് സര്‍ക്കാര്‍ നടത്തിയത്. ആദായ നികുതി പരിധിയില്‍ വന്ന ഇളവ് സ്വാഗതം ചെയ്യപ്പെടുമ്പോഴും രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തിക നിലയില്‍ അങ്ങേയറ്റം ആശങ്കയുളവാക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന പതിവ് തെറ്റിച്ച് അടുത്ത സര്‍ക്കാറിന് മേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സമ്പൂര്‍ണ ബജറ്റാണ് പിയൂഷ് ഗോയല്‍ ഇത്തവണ അവതരിപ്പിച്ചത്. പക്ഷെ മുന്‍കാല വാഗ്ദാനങ്ങളെ ചൊല്ലി വിശ്വാസ്യത നഷ്ടപ്പെട്ട മോദി സര്‍ക്കാരിന് ഈ ബജറ്റിലൂടെ ജനപിന്തുണ തിരിച്ചു പിടിക്കാനാവുമോ എന്നതാണ് ചോദ്യം.