LiveTV

Live

National

ദിവസം 17 രൂപവെച്ച് കൊടുക്കുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമെന്ന് രാഹുല്‍

മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, മുൻ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂർ എംപി തുടങ്ങിയവരും ബജറ്റിനെ വിമർശിച്ച് രംഗത്തെത്തി.

ദിവസം 17 രൂപവെച്ച് കൊടുക്കുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമെന്ന് രാഹുല്‍

ബജറ്റ് എന്‍‌.ഡി.എ സര്‍‌ക്കാരിന്റെ അവസാനത്തെ വെറുംവാക്കെന്ന് രാഹുല്‍ ഗാന്ധി. അഞ്ചുവര്‍ഷത്തെ കഴിവുകേടും ധാര്‍ഷ്ട്യവും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു. കര്‍ഷകര്‍ക്ക് ദിവസം 17 രൂപവെച്ച് കൊടുക്കുന്നത് പരിഹാസമാണെന്നും രാഹുല്‍ ട്വീറ്ററില് കുറിച്ചു. കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.

തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ബജറ്റിൽ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബി.ജെ.പി, തിരഞ്ഞെടുപ്പിനു മുൻപ് വോട്ടർമാർക്ക് കൈക്കൂലി നൽകിയിരിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ഇക്കാലയളവിൽ അവർ പാലിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്തൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. ‘എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായി? അഞ്ചു വർഷത്തിനുള്ളിൽ 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കാര്യമോ?’ – ഖാർഗെ ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനി നടക്കില്ലെന്നും ഖാർഗെ മുന്നറിയിപ്പു നൽകി. ആദായനികുതിയുടെ പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തിയത് ബിജെപിയുടെ ‘തമാശ’ മാത്രമാണെന്നും ഖാർഗെ പറഞ്ഞു. ഈ മേയ് മാസത്തിൽ മോദി സർക്കാരിന്റെ കാലാവധി അവസാനിക്കും. അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ഈ വാഗ്ദാനം ആരു നടപ്പാക്കും. അത് പുതിയ സർക്കാരിന്റെ ചുമതലയാകും. മൊത്തത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനമാണ് ഇത്’ – ഖാർഗെ പറഞ്ഞു.

Also read: ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ

ഇടക്കാല ബജറ്റെന്ന പേരിൽ നീണ്ട ബജറ്റ് പ്രസംഗം നടത്തി എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചിരിക്കുകയാണ് ഇടക്കാല ധനമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം വിമർശിച്ചു. ഇത് ഇടക്കാല ബജറ്റല്ല, വലുപ്പത്തിൽ സമ്പൂർണ ബജറ്റ് തന്നെയാണ്. അതിനു പിന്നാലെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗമാണ് പീയൂഷ് ഗോയൽ നടത്തിയതെന്നും ചിദംബരം പരിഹസിച്ചു. ബജറ്റിൽ വിദ്യാഭ്യാസം, തൊഴിലവസരം എന്നീ രണ്ടു വാക്കുകൾ കാണാൻ പോലുമില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

പ്രതിവർഷം കർഷകർക്ക് 6000 രൂപ നൽകുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി. പ്രതിവർഷം 6000 രൂപയെന്നു പറയുമ്പോൾ മാസം ലഭിക്കുക 500 രൂപ മാത്രമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാൻ കർഷകരെ പ്രാപ്തരാക്കാൻ ഉതകുന്ന തുകയാണോ ഇതെന്നും തരൂർ ചോദിച്ചു.