നെഹ്റു: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ മുഖം
സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ മുഖം ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു

ഓരോ തെരഞ്ഞെടുപ്പിലും ദേശീയ രാഷ്ട്രീയത്തില്‍ ഓരോ മുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ മുഖം ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. സ്വതന്ത്ര ഇന്ത്യയെയും കോണ്‍ഗ്രസിനെയും നയിക്കാന്‍ നെഹ്റു തന്നെ നിയുക്തനായത് രാജ്യത്തിന്റെ ഭാഗധേയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രതാപ കാലം. സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയും ഗാന്ധിജിയുടെ അടുത്ത അനുയായിയുമായിരുന്നു നെഹ്റു.

ബ്രിട്ടീഷ് ഭരണം അവസാനിച്ച് രാജ്യത്തിന്റെ അധികാരം ഇന്ത്യക്കാര്‍ക്ക് തന്നെ നല്കിയപ്പോള് സ്വാഭാവികമായും അതേറ്റെടുക്കാന്‍ ഏറ്റവും യോഗ്യനായ ആള്. അങ്ങനെയാണ് നെഹ്റു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ മുഖമായി മാറിയത്.
നെഹ്റുവിന്റെ പ്രതിച്ഛായ തന്നെയായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ മുതല്‍ കൂട്ടും. നെഹ്റുവിനെ കേള്‍ക്കാന്‍ എവിടെയും വന്‍ ആള്‍ക്കൂട്ടം. ആ ജനക്കൂട്ടം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ജനാധിപത്യ പരീക്ഷണത്തില്‍ കോണ്‍ഗ്രസിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. ആകെയുള്ള 489ല്‍ 364 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.

ഉത്തര്‍പ്രദേശിലെ ഫൂല്പൂരായിരുന്നു നെഹ്റുവിന്റെ തട്ടകം. അര ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലായിരുന്നു നെഹ്റു ലോക്സഭയിലെത്തിയത്., ഇടക്കാല സര്‍ക്കാരിനെ നയിച്ച നെഹ്റു തന്നെയായിരുന്നു ഇത്തവണയും പ്രധാനമന്ത്രി. തുടര്‍ന്ന് വന്ന നാല് തെരഞ്ഞെടുപ്പുകളിലും നെഹ്റു തന്നെയാണ് കോണ്‍ഗ്രസിനെ നയിച്ചത്. ഈ രണ്ടരപ്പതിറ്റാണ്ട് സ്വതന്ത്ര ഇന്ത്യയുടെ പരിവര്‍ത്തന ഘട്ടം കൂടിയായിരുന്നു. കൊളോണിയല്‍ ഭരണം തകര്‍ത്ത ഇന്ത്യയുടെ സമ്പദ്ഘടനയെയും രാഷ്ട്രീയ സംവിധാനങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ നെഹ്റുവിന് കഴിഞ്ഞു.
1964 ല്‍ മെയ് 27 ന് നവഭാരതശില്പി അന്ത്യശ്വാസം വലിച്ചു. നെഹ്റു ഓര്‍മയായെങ്കിലും നെഹ്റുവിയന്‍ ആശയങ്ങളാണ് ഇന്നും ജനാധിപത്യ ഇന്ത്യയുടെ ചാലകശക്തി.