ലോക്സഭ തെരഞ്ഞെടുപ്പ്: ആത്മവിശ്വാസവുമായി കശ്മീരില്‍ ബി.ജെ.പി
ബി.ജെ.പിക്കെതിരായി നില നില്ക്കുന്ന ജനവികാരം വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍.

ജമ്മുകാശ്മീരില്‍ ബി.ജെ.പി വലിയ നേട്ടം കൈവരിച്ച തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. കശ്മീരിലെ പ്രധാന പാര്‍ട്ടികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ബഹിഷ്ക്കരിച്ച തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് നേട്ടം കൊയ്യാനായത്.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പി.ഡി.പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ച ബി.ജെ.പിക്ക് ആ സഖ്യം വഴിയിലുപേക്ഷിക്കേണ്ടിവന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായത് വലിയ വിജയമായി.
പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതോടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് 2018 സാക്ഷ്യം വഹിച്ചത്. അവസരം മുതലെടുക്കാനോ നേട്ടം കൈവരിക്കാനോ കോണ്‍ഗ്രസിന് സാധിച്ചതുമില്ല.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അനുകൂല നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്.
നാല് ഘട്ടങ്ങളിലായി 52 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗവും ബി.ജെ.പി നേടി. ജമ്മുവിനൊപ്പം കശ്മീരിലും ബി.ജെ.പി കോൺഗ്രസിനെ പിന്തള്ളി. ജമ്മുവിലെ 520 വാർഡുകളിൽ 212 എണ്ണത്തിലും ബി.ജെ.പി വിജയിച്ചു. 185 സീറ്റുകൾ സ്വതന്ത്രർ നേടിയപ്പോൾ 110 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാനായത്. തെക്കൻ കശ്മീരിലെ 132 വാർഡുകളിൽ 53 എണ്ണം ബി.ജെ.പി നേടിയപ്പോൾ 28 എണ്ണമാണ് കോൺഗ്രസിന് നേടാനായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈയും പി.ഡി.പിയുമായി ചേര്‍ന്ന് സംസ്ഥാന ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസവുമായി കശ്മീരില്‍ ബി.ജെ.പി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരായി നില നില്ക്കുന്ന ജനവികാരം വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍.