എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും?
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സാധാരണ ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാറ്

കാലാവധിയവസാനിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റാണ് ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടിയുള്ള കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയാല്‍ ഇന്നവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സാധാരണ ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാറ്.
വോട്ട് ഓണ്‍ അക്കൗണ്ട്
രണ്ട് മാസത്തെ സര്‍ക്കാരിന്റെ അടിയന്തിര ചിലവുകള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി പാര്‍ലിമെന്റിന്റെ അംഗീകാരം നേടിയെടുക്കുന്ന പരിപാടിയാണ് വോട്ട് ഓണ്‍ അക്കൗണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സര്‍ക്കാരിന്റെ ചിലവുകള്‍ക്കാണ് ഈ പണം ഉപയേഗിക്കുന്നത്. സാധാരണ രണ്ട് മാസമാണ് വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധി. ഇത് ആറ് മാസം വരെ നീട്ടുന്നതില്‍ തെറ്റില്ല, എന്നാല്‍ അതിനപ്പുറം കൂടാന്‍ പാടില്ല. കാരണം ആറ് മാസമാണ് രണ്ട് പാര്‍ലിമെന്റ് സമ്മേളനങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയ കാലയളവ്. മറ്റ് ബജറ്റുകളില്‍ നിന്നും വ്യത്യസ്തമായി ചിലവ് കണക്കുകള്‍ മാത്രമാണ് വോട്ട് ഓണ്‍ അക്കൗണ്ടില്‍ അവതരിപ്പിക്കാറ്. എന്നാല്‍ പുതുതായി നികുതി ഏര്‍പ്പെടുത്താനോ,നയപ്രഖ്യാപനം നടത്താനോ പാടില്ല. സര്‍ക്കാരിന്റെ വരവ് കണക്കുകള്‍ വോട്ട് ഓണ്‍ അക്കൗണ്ടില്‍ ഉണ്ടാവില്ല.
ഇടക്കാല ബജറ്റ്
സമ്പൂര്‍ണ്ണ ബജറ്റില്‍ നിന്നും ഏറെ വ്യത്യസ്തമല്ല ഇടക്കാല ബജറ്റ്. എന്നാല്‍ പുതിയ നികുതികളോ, പദ്ധതികളോ പ്രഖ്യാപിക്കുന്ന പതിവ് ഇടക്കാല ബജറ്റിലും ഇല്ല. ഇനി ഒരുപക്ഷേ അത്തരം പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ സര്‍ക്കാര്‍ നടത്തിയാലും തെരഞ്ഞടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന് അതില്‍ മാറ്റം വരുത്താനാകും. അടുത്ത സമ്പൂര്‍ണ്ണ ബജറ്റിലായിരിക്കും ഇത് കൊണ്ടുവരിക.