ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ
പ്രതിവര്‍ഷം മൂന്ന് ഘട്ടമായി രണ്ടായിരം രൂപ വീതം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇടക്കാല ബജറ്റില്‍ കര്‍ഷകരെ വാരിക്കോരി സഹായിച്ച് മോദി സര്‍ക്കാര്‍. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജന പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും.
രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഗുണം നേരിട്ട് കര്‍ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നേരിട്ട് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതെന്നാണ് വിശദീകരണം. പ്രതിവര്‍ഷം മൂന്ന് ഘട്ടമായി രണ്ടായിരം രൂപ വീതം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഓരോ വര്‍ഷവും 75000 കോടി ചിലവ് വരുന്ന പദ്ധതിയാണിത്. മുഴുവന്‍ ചിലവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുക. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയാക്കിയ ഉടന്‍ ആദ്യഗഡു പണം ലഭിക്കും. ഈ വര്‍ഷം ഇതിനായി 20000 കോടി വകയിരുത്തിയിട്ടുണ്ട്.
കന്നുകാലി, മത്സ്യ കര്‍ഷകര്‍ക്കും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായി. മത്സ്യകൃഷിയുടെ മേല്‍നോട്ടത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്കീം വഴി ലോണെടുത്ത കന്നുകാലി മത്സ്യ കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശയിളവും ലോണ്‍ സമയബന്ധിതമായി തിരിച്ചടച്ചാല്‍ 3 ശതമാനം അധിക പലിശയിളവും ലഭ്യമാക്കും. പ്രകൃതി ദുരന്തത്തിനിരയായ കര്‍ഷകര്‍ക്ക് ലോണ്‍ തിരിച്ചടവിന് മാറ്റി നിശ്ചയിക്കുന്ന ആദ്യ വര്‍ഷം മാത്രമാണ് ഈ ഇളവ് ലഭ്യമായിരുന്നത്. ഇത് എല്ലാ വര്ഷത്തേക്കുമാക്കി. സമയബന്ധിതമായി ലോണ്‍ തിരിച്ചടക്കുന്നവര്‍ക്ക് 3 ശതമാനത്തിന്റെ അധിക പലിശയിളവും ബജറ്റ് വാഗ്ദാനം ചെയ്തു.
Also read: ബജറ്റ് ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ്
ഉത്തരേന്ത്യയിലടക്കം കര്‍ഷകരോഷം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷക അനുകൂല പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു 2000 രൂപ തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.