LiveTV

Live

National

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗോയലിന്റെ ഇടക്കാല ബജറ്റ്

എല്ലാവര്‍ക്കും കക്കൂസ്, കുടിവെള്ളം, വൈദ്യുതിയെത്തിച്ചു. ഭീകരവാദം തുടച്ചു നീക്കിയെന്നും അദ്ദേഹം പറഞ്ഞു.

 നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗോയലിന്റെ ഇടക്കാല ബജറ്റ്

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പീയുഷ് ഗോയലിന്റെ ഇടക്കാല ബജറ്റ്. കഴിഞ്ഞ അഞ്ച് വര്‍‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തിന് ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു ഊര്‍ജ്ജമന്ത്രിയുടെ പ്രസംഗം.

എല്ലാവര്‍ക്കും കക്കൂസ്, കുടിവെള്ളം, വൈദ്യുതിയെത്തിച്ചു. ഭീകരവാദം തുടച്ചു നീക്കിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു. രണ്ടക്ക വിലക്കയറ്റ നിരക്ക് കുറച്ചു കൊണ്ടുവന്നു. 2010-14 കാലത്ത് വിലക്കയറ്റ നിരക്ക് 10.9 ആയിരുന്നു. 4.6 ആണ് ഇപ്പോഴത്തെ ശരാശരി പണപ്പെരുപ്പ നിരക്ക്. 2.9 ആയിരുന്നു 2018ലെ പണപ്പെരുപ്പ നിരക്ക്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം ഉയര്‍ത്തി. 239 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം കൊണ്ടുവന്നു.

ബാങ്കുകളുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൊതുജനങളോട് വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. 3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിടിച്ചെടുത്തതായും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അവകാശപ്പെട്ടു. ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി. റിയല്‍ എസ്റ്റേറ്റ് രംഗം നിയമം വഴി സുതാര്യമാക്കി. വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. 98 ശതമാനം ഗ്രാമങ്ങളിലും തുറന്നയിടങ്ങളിലെ മലവിസര്‍ജനം ഇല്ലാതാക്കി.

സ്വച്ഛ് ഭാരത് അഭിയാന്‍ ജനങ്ങളുടെ പെരുമാറ്റ രീതി തന്നെ മാറ്റിമറിച്ചു. ദലിത് സംവരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുന്നാക്കക്കാരിലെ ദരിദ്രര്‍ക്കും സംവരണം കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വ്യാപിപ്പിക്കാന്‍ രണ്ട് ലക്ഷം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ഗ്രാം സടക് യോജന മൂന്നിരട്ടിയാക്കി വ്യാപിപ്പിച്ചു. 19000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു.

1.3 കോടി വീടുകള്‍ നിര്‍മിച്ചു. വൈദ്യുതിയില്ലാത്ത വീടുകളില്‍ സൌജന്യ വൈദ്യുതിയെത്തിച്ചു. 143 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തു. ആയുഷ്മാന്‍ ഭാരത് 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പത്തു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ലഭിക്കും. കര്‍ഷകര്‍ക്ക് 50 ശതമാനത്തിലധികം താങ്ങുവില നല്‍കി.