LiveTV

Live

National

തൊഴില്‍ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചു

കമ്മീഷന്‍ ആക്ടിങ് ചീഫ് പി.സി മോഹനന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ജെ.വി മീനാക്ഷി എന്നിവരാണ് രാജിവെച്ചത്

തൊഴില്‍ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചു

നോട്ട് നിരോധനത്തിന് ശേഷമുളള വാര്‍ഷിക തൊഴില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവെയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. കമ്മീഷന്‍ ആക്ടിങ് ചീഫ് പി.സി മോഹനന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ജെ.വി മീനാക്ഷി എന്നിവരാണ് രാജിവെച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് റിപ്പോര്‍ട്ട് പുറത്ത് വിടാറുള്ളത്.

പി.സി മോഹനനും ജെ.വി മീനാക്ഷിയും 2020 വരെ സേവന കാലാവധി ഉണ്ടായിരിക്കെയാണ് നാഷണല്‍ സ്റ്റാറിസ്റ്റിക്കല്‍ കമ്മീഷന്‍ അഥവാ ദേശീയ സ്ഥിതി വിവര ശാസ്ത്ര കമ്മീഷനില്‍ നിന്ന് രാജിവെച്ചത്. കമ്മീഷന്‍ തയ്യാറാക്കിയ 2017-18 സാമ്പത്തിക വര്‍‌ഷത്തിലെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിരിക്കുന്നതാണ് കാരണം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുളളില്‍ അത് പ്രസിദ്ധീകരിക്കുകയാണ് നിലവിലെ രീതി. പക്ഷേ രണ്ടു മാസമായിട്ടും തൊഴില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കമ്മീഷനെ ഗൗരവത്തോടെ കാണുന്നില്ലെന്നും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ അഭിപ്രായം ആരായാറില്ലെന്നും പി.സി മോഹനന്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തുണ്ടായ തൊഴില്‍ നഷ്ടത്തെ കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണിത് എന്നാണ് വിവരം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള ആദ്യ തൊഴില്‍‌ റിപ്പോര്‍ട്ട്, 2011-12 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള വാര്‍ഷിക- ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഒന്നിച്ച് വച്ച് തയ്യാറാക്കിയത് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. അതിനാല്‍ നോട്ടു നിരോധനത്തിന് മുന്‍പും ശേഷവുമുളള കാലയളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്നും ആരോപണമുണ്ട്.

2006ല്‍ രൂപീകരിച്ച സ്വയംഭരണാധികാര സ്ഥാപനമാണ് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷന്‍. അംഗങ്ങളായ മോഹനനും മീനാക്ഷിയും രാജി വെച്ചതോടെ ഇനി ഈ കമ്മീഷനില്‍ അവശേഷിക്കുന്നത് രണ്ട് പേര്‍ മാത്രം. നീതി ആയോഗ് അംഗമായ അമിതാഭ് കാന്തും ചീഫ് സ്റ്റാറ്റീഷ്യന്‍ പ്രവീണ് ശ്രീവാസ്തവയും.