LiveTV

Live

National

ബാബരി ഭൂമി തര്‍ക്കം: കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്കെതിരെ നിര്‍മോഹി അഖാഡെ

ഏറ്റെടുത്ത അധിക ഭൂമി എന്ത് ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖാഡെ തലവന്‍ മഹന്ത് രാംദാസ്

ബാബരി ഭൂമി തര്‍ക്കം: കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്കെതിരെ നിര്‍മോഹി അഖാഡെ

ബാബരി ഭൂമി തര്‍ക്ക കേസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങളെ എതിര്‍ത്ത് ഹിന്ദു പക്ഷത്തെ പ്രധാന കക്ഷിയും സന്യാസി സമൂഹവുമായ നിര്‍മോഹി അഖാഡെ. ഏറ്റെടുത്ത അധിക ഭൂമി എന്ത് ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖാഡെ തലവന്‍ മഹന്ത് രാംദാസ് പറഞ്ഞു. ബാബരിക്ക് ചുറ്റുമുള്ള ഭൂമിയുടെ മുക്കാല്‍ പങ്കും വി.എച്ച്.പി ട്രസ്റ്റായ രാംജന്മഭൂമി ന്യാസ് വാങ്ങിയ സാഹചര്യത്തിലാണ് അഖാഡെയുടെ എതിര്‍പ്പ്.

അയോധ്യയില്‍ ബാബരി ഭൂമിക്ക് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി 1993 -94 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റടുത്തിരുന്നു. ഇവ ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കാന്‍ അനുവദിക്കണം എന്നാണ് സുപ്രീം കോടതില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഈ ഭൂമിയുടെ 42 ഏക്കറും വി.എച്ച്.പി ട്രസ്റ്റായ രാംജന്മഭൂമി ന്യാസ് പലകാലങ്ങളിലാണ് വാങ്ങിക്കൂട്ടിയതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേസില്‍ തുടക്കം മുതലുള്ള പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡെ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നത്. നിര്‍മോഹി അഖാഡെക്കും അവകാശപ്പെട്ട ഭൂമിയുണ്ട് ഈ മേഖലയില്‍‍. അവക്ക് പകരം നഷ്ടപരിഹാരം നല്‍കാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ല, സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖാഡെ നേതൃത്വം വ്യക്തമാക്കി.

കോടതി വിധി അനുകൂലമായാല്‍ ബാബരി ഭൂമിക്ക് ചുറ്റുമുള്ള സ്ഥലത്ത് എന്ത് ചെയ്യണമെന്ന് രാംജന്മഭൂമി ന്യാസ് തീരുമാനിക്കും എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ ജാവ്ദേക്കര്‍ പറഞ്ഞത്. ബാബരി ഭൂതര്‍ക്ക കേസ് നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‌റെ പരിഗണനയിലാണ്.