LiveTV

Live

National

31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്

എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതു മേഖല ബാങ്കുകള്‍ വായ്പ നല്‍കി. 11000 കോടി രൂപയാണ് എസ്.ബി.ഐ ബാങ്ക് വായ്പ നല്‍കിയത്.

31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്

31,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് കോബ്ര പോസ്റ്റ്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം 31,000 കോടി രൂപ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും തങ്ങളുടെ തന്നെ കടലാസ് സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. വായ്പയെടുത്തതിന്റെ ഒരു പങ്ക് ബി.ജെ.പിക്ക് സംഭാവന നല്‍കിയതിന്റെയും തെളിവുകള്‍ കോബ്ര പോസ്റ്റ് പുറത്തുവിട്ടു.

ഡി.എച്ച്.എഫ്.എല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ ഇടപാടുകളുടെ രേഖകളും ബാലന്‍സ് ഷീറ്റും പൊതുമേഖല ബാങ്കുകളുടെ രേഖകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാണ് കോബ്ര പോസ്റ്റ് തട്ടിപ്പിന്റെ ചുരുളഴിച്ചിരിക്കുന്നത്. പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കോടികള്‍ ചെറുകമ്പനികള്‍ക്ക് വായ്പ നല്‍കുന്നു. പിന്നീട് വിദേശത്തും സ്വദേശത്തുമുള്ള സഹോദര കമ്പനികളിലേക്കും വ്യവസായങ്ങളിലും നിക്ഷേപിച്ചാണ് തട്ടിപ്പ്. ശ്രീലങ്ക, ദുബൈ, യു.കെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണം കടത്തിയത്. ചേരി വികസനം പോലുള്ള പദ്ധതികളുടെ പേരില്‍ അനുവദിച്ച വായ്പ ഉപയോഗിച്ച് ശ്രീലങ്കയില്‍ ക്രിക്കറ്റ് ക്ലബ് വരെ വാങ്ങി.

എസ്.ബി.ഐ ആണ് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത്. 11000 കോടി. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 4000 കോടിയും. ഗുജറാത്ത്, കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് മാത്രം ആയിരം കോടി രൂപ വായ്പ ഡി.എച്.എഫ്.എല്‍ സഹോദര സ്ഥാപനങ്ങളിലേക്ക് ഒഴുക്കി. 20 കോടി രൂപ ബി.ജെ.പിക്ക് നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നു.

അഴിമതിക്കെതിരാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വീണ്ടും തെളിഞ്ഞതായി എന്‍.ഡി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു.

മഹാരാഷ്ട്രക്കാരായ വധാവന്‍ കുടുംബത്തിന്റേതാണ് ചെറുകിട ഹൗസിങ് വായ്പകള്‍ നല്‍കുന്ന ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്‍.