LiveTV

Live

National

ജോര്‍ജ് ഫെര്‍ണാണ്ടസ്; സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവ്

ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം ബി.ജെ.പി ഒറ്റപ്പെട്ട കാലത്ത് എന്‍.ഡി.എ സഖ്യരൂപീകരണ ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം വിശ്വാസ്യത പകര്‍ന്ന മുഖമായിരുന്നു ഫെര്‍ണാണ്ടസിന്‍റേത്.

ജോര്‍ജ് ഫെര്‍ണാണ്ടസ്; സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവ്

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഒരു കാലത്ത് ആഗോളതലത്തില്‍ ദിശാബോധം നല്‍കിയ നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, പില്‍ക്കാലത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായി മാറുന്നതാണ് ഇന്ത്യ കണ്ടത്. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം ബി.ജെ.പി ഒറ്റപ്പെട്ട കാലത്ത് എന്‍.ഡി.എ സഖ്യരൂപീകരണ ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം വിശ്വാസ്യത പകര്‍ന്ന മുഖമായിരുന്നു ഫെര്‍ണാണ്ടസിന്‍റേത്.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് ആശയമുഖം നല്‍കിയ ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരു കാലത്ത് ഇന്ത്യ കണ്ട എല്ലാ ബഹുജന പ്രക്ഷോഭങ്ങളുടെയും മുന്നില്‍ നിന്ന നേതാവായിരുന്നു. രാംമനോഹര്‍ ലോഹ്യ, മൊറാര്‍ജി ദേശായി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച ഫെര്‍ണാണ്ടസ് തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ജനതാ സര്‍ക്കാറില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. ഇദ്ദേഹം പിന്നീട് വാര്‍ത്താ വിനിമയ വകുപ്പ് ഏറ്റെടുത്ത കാലത്താണ് ദൂരദര്‍ശന്‍ കേന്ദ്രത്തിന് തുടക്കം കുറിച്ചത്.

ജോര്‍ജ് ഫെര്‍ണാണ്ടസ്; സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവ്

ഫെര്‍ണാണ്ടസിന്റെ കോണ്‍ഗ്രസ് വിരുദ്ധത പില്‍ക്കാലത്ത് ബി.ജെ.പിയോടുള്ള അനുഭാവമായി മാറുന്നതാണ് ഇന്ത്യ കണ്ടത്. വാജ്‌പേയി സര്‍ക്കാറില്‍ റെയില്‍വേ, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഫെര്‍ണാണ്ടസ് കൈകാര്യം ചെയ്തു. 1998ല്‍ പൊക്രാനിന്‍ ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തുമ്പോള്‍ ഫെര്‍ണാണ്ടസ് ആയിരുന്നു പ്രതിരോധ മന്ത്രി. അതേസമയം സോക്ഷ്യലിസ്റ്റ് വേദികളില്‍ ആണവ നിര്‍വ്യാപനത്തിനായി അതിശക്തമായ പ്രചാരണമായിരുന്നു ഫെര്‍ണാണ്ടസ് നടത്തികൊണ്ടിരുന്നത്. പ്രായോഗിക രാഷ്ട്രീയവും ആദര്‍ശ രാഷ്ട്രീയവും തമ്മിലുള്ള ഈ പൊരുത്തക്കേടായിരുന്നു ഫെര്‍ണാണ്ടസിനെ അടയാളപ്പെടുത്തിയത്.

വാജ്‌പേയി സര്‍ക്കാറിനെയും എന്‍.ഡി.എയെയും ചുവടുറപ്പിച്ചു നിര്‍ത്താന്‍ സഹായിച്ച കരുത്തനായ രാഷ്ട്രീയ നേതാവാണ് വിടവാങ്ങുന്നത്. ശരദ് യാദവ്, നിധീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍, പ്രഭുനാഥ് സിംഗ് തുടങ്ങി ജനതാദള്‍ പ്രസ്ഥാനങ്ങളിലെ പല പ്രമുഖ നേതാക്കളും എന്‍.ഡി.എ പാളയത്തിലെത്താന്‍ വഴിയൊരുക്കിയത് ഫെര്‍ണാണ്ടസിന്റെ കൂറുമാറ്റമായിരുന്നു. വാജ്‌പേയി ഗവണ്‍മെന്റിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഡി.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളെ എത്തിച്ചതിനു പിന്നിലും ഫെര്‍ണാണ്ടസ് ആയിരുന്നു കരുക്കള്‍ നീക്കിയത്.