നടക്കാത്ത സ്വപ്നങ്ങള്‍ നല്‍കുന്നവരെ ജനം തല്ലുമെന്ന് ഗഡ്കരി
സോഷ്യല്‍ മീഡിയയില്‍ ഗഡ്കരിയുടെ പരാമര്‍ശം ഷെയര്‍ ചെയ്ത പ്രതിപക്ഷ നേതാക്കള്‍ എല്ലാം ഗഡ്കരിയുടേത് മോദിയെ ഉന്നം വെച്ചുള്ള ഒളിയമ്പാണെന്നാണ് ചൂണ്ടിക്കാട്ടിയത്

നടപ്പിലാകാത്ത സ്വപ്നങ്ങള്‍ നല്കിയ നേതാക്കളെ ജനങ്ങള്‍ തല്ലിയോടിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഗഡ്കരിയുടെ പരാമര്‍ശം പ്രതിപക്ഷം ഏറ്റുപിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.
കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ഉദ്ഘാടന ചടങ്ങിലാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിപ്രായ പ്രകടനം. സ്വപ്നങ്ങള്‍ നല്കുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷെ, സ്വപ്നങ്ങള്‍ പൂവണിയിച്ചില്ലെങ്കില് അതേ ജനങ്ങളില്‍ നിന്ന് തല്ല് വാങ്ങേണ്ടിവരും. താന്‍ നടക്കുന്നത് മാത്രമേ പറയാറുള്ളൂവെന്നും ഗഡ്കരി പറഞ്ഞു.
സദസ്സ് കയ്യടിയോടെ സ്വീകരിച്ച ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും വൈറലായി. പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയെ അടിക്കാനുള്ള വടിയും. സോഷ്യല്‍ മീഡിയയില്‍ ഗഡ്കരിയുടെ പരാമര്‍ശം ഷെയര്‍ ചെയ്ത പ്രതിപക്ഷ നേതാക്കള്‍ എല്ലാം ഗഡ്കരിയുടേത് മോദിയെ ഉന്നം വെച്ചുള്ള ഒളിയമ്പാണെന്നാണ് ചൂണ്ടിക്കാട്ടിയത്. നേരത്തെയും ഗഡ്കരിയുടെ സമാന പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്.
വിജയത്തിന് ധാരാളം അച്ഛനമ്മമാരുണ്ടാവുമെന്നും തോല്‍വി അനാഥനായിരിക്കുമെന്നും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം ഗഡ്കരി പറഞ്ഞത് ബി.ജെ.പിക്കുള്ളിലും ആശയക്കുഴപ്പത്തിന് കാരണമായി. അമിത് ഷാ, മോദി എന്നിവരെ ലക്ഷ്യം വെച്ചാണ് പരാമര്‍ശമെന്ന ചര്‍ച്ച ഉയര്‍ന്നതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ഗഡ്കരി വിശദീകരിച്ചു.