LiveTV

Live

National

രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുലിന്‍റെ പുതിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാരിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ്.

രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കോണ്‍ഗ്രസിന്‍റെ വമ്പന്‍ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരിക്കും ഇതെന്ന് അവകാശപ്പെട്ടാണ് രാഹുലിന്‍റെ പ്രഖ്യാപനം.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന പ്രചാരണ റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് മടങ്ങിയെത്തിയാല്‍ രാജ്യത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല. എല്ലാവര്‍ക്കും ജീവിക്കാനാവശ്യമായ കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു

എന്‍.ഡി.എ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും ധനികര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെയോ ദരിദ്രരെയോ അവര്‍ തിരിഞ്ഞുനോക്കുന്നതേയില്ല. സര്‍ക്കാരിന്‍റെ മന്‍ കി ബാത് അല്ല, ജനങ്ങളുടെ മന്‍കി ബാത് ആയിരിക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുലിന്‍റെ പുതിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാരിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ്. ജനരോഷം ഉള്‍ക്കൊണ്ട് കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിരവധി ക്ഷേമപദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കി വരുന്നതിനിടെയാണ് കോണ്‍ഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.