LiveTV

Live

National

ഉത്തരേന്ത്യയില്‍ രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്

വോട്ടെടുപ്പിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ബി.എസ്.പി രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരമാണ്.

ഉത്തരേന്ത്യയില്‍ രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ഹരിയാനയിലെ ജിന്ദും രാജസ്ഥാനിലെ രാംഗഡും ഇന്ന് ജനവിധി തേടും. ഐ.എന്‍.എല്‍.ഡിയുടെ എം.എല്‍.എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ജിന്ദില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിടിനിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നായിരുന്നു രാംഗഡില്‍ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് രണ്ടിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പി ഖട്ടാര്‍ സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഹരിയാനയിലും, തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന ആരോപണത്തില്‍ രാജസ്ഥാനിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാവായ രണ്‍ദീപ് സുര്‍ജേവാലയെ രംഗത്തിറക്കിയതോടെയാണ് ജിന്ദിലെ മത്സരം കടുത്തത്. ജാട്ട് വിഭാഗക്കാരനായ സുര്‍ജേവാലക്ക് ജയം സാധ്യമാണെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍.

നിലവില്‍ മണ്ഡ‍ലം ഐ.എന്‍.എല്‍.ഡിയുടേതാണെങ്കിലും സംസ്ഥാനത്ത് 2014 ഭരണം നേടിയ ജയം വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഹരി ചന്ദ് മിദ്ധയുടെ മകന്‍ ഐ.എന്‍.എല്‍.ഡിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതും പാര്‍ട്ടിക്ക് നേട്ടമാണ്. ആല്‍വാര്‍ ജില്ലയിലെ രാംഗഡിലെ ജയത്തോടെ കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തുള്ള ആത്മവിശ്വാസത്തെ വെല്ലുവിളിക്കുമെന്നാണ് ബി.ജെ.പി രാജസ്ഥാനില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സംസ്ഥാന ഭരണം പിടിച്ചതില്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ വിശ്വാസം.

വോട്ടെടുപ്പിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ബി.എസ്.പി രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരമാണ്. മുന്‍ കേന്ദ്രമന്ത്രിയുടെ മകനായ ജഗത്ത് സിങാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി. ഷാഫിയ സുബൈര്‍ ഖാന്‍ കോണ്‍ഗ്രസിന്‍റെയും, സുഖ്വാന്ത് സിങ് ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികളാണ്. ഈ മാസം 31നാണ് രണ്ടിടത്തേയും വോട്ടെണ്ണല്‍.