LiveTV

Live

National

‘മോദി’യെന്ന് ആവര്‍ത്തിച്ചതിന് സാംസ്കാരിക പരിപാടിക്ക് വിലക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നും കാസ്റ്റ് ലെസ് കലക്ടീവ് കുറ്റപ്പെടുത്തി.

‘മോദി’യെന്ന് ആവര്‍ത്തിച്ചതിന് സാംസ്കാരിക പരിപാടിക്ക് വിലക്ക്

മോദി എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ചതിന് സാംസ്കാരിക പരിപാടിക്ക് വിലക്ക്. ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസന്ത് നഗര്‍ ബീച്ചില്‍ നടത്തിയ പരിപാടിയാണ് പോലീസ് തടഞ്ഞത്.

സംവിധായകന്‍ പാ രഞ്ജിത്ത് നേതൃത്വം നല്‍കുന്ന കാസ്റ്റ് ലെസ് കലക്ടീവ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രിയായിരുന്നു പരിപാടി. ഒരു പാട്ടില്‍ നിരവധി തവണ മോദിയെന്ന വാക്ക് ഉപയോഗിച്ചു. ഇതോടെ പരിപാടി രാഷ്ട്രീയമായി മാറിയെന്നായി പൊലീസ്. സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും രാഷ്ട്രീയപരിപാടിയാക്കി മാറ്റിയതിനാലാണ് ഇടപെട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നിലവിലെ രാജ്യത്തിന്‍റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.

പാട്ടില്‍ പരാമര്‍ശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അല്ലെന്നും തട്ടിപ്പ് നടത്തിയ നീരവ് മോദി, ലളിത് മോദി എന്നിവരെയാണെന്നും സംഘാടകര്‍ വിശദീകരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നും കാസ്റ്റ് ലെസ് കലക്ടീവ് കുറ്റപ്പെടുത്തി. ഇന്നലെ, മധുരയില്‍ എയിംസിന് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ട്വിറ്ററില്‍ ഗോ ബാക്ക് മോദി കാംപയിന്‍ ട്രന്‍ഡിംങിലുമെത്തി. ഇതിന് പിന്നാലെയാണ് സംഗീതപരിപാടി നടത്തിയത്.