LiveTV

Live

National

ഉത്തരാഖണ്ഡില്‍ കസേര കൈവിടാതിരിക്കാന്‍ ബി.ജെ.പി; തിരികെ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് ഉത്തരാഖണ്ഡിനുള്ളത്. ഭരണം നിലനിര്‍ത്തുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം..

ഉത്തരാഖണ്ഡില്‍ കസേര കൈവിടാതിരിക്കാന്‍ ബി.ജെ.പി; തിരികെ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് ഉത്തരാഖണ്ഡിനുള്ളത്. ഭരണം നിലനിര്‍ത്തുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാണ്. നിലവില്‍ ഉത്തരാഖണ്ഡിന്റെ ഭരണം ബി.ജെ.പിയുടെ കൈകളിലാണ്. അതുകൊണ്ടുതന്നെ കസേര കൈവിടാതിരിക്കാന്‍ ബി.ജെ.പിക്കും തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിനും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിരിക്കും.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും വിജയം ബി.ജെ.പിക്കായിരുന്നു. 2009ല്‍ കോണ്‍ഗ്രസിനെ തുണച്ചു. തെഹ്‍രി ഗഡ്‍വാള്‍, ഗഡ്‍വാള്‍, അല്‍മോറ, നൈനിത്താന്‍- ഉദ്ദംസിങ് നഗര്‍, ഹരിദ്വാര്‍ എന്നിവയാണ് ലോക്സഭാ മണ്ഡലങ്ങള്‍. വളരെ ചെറിയ മുന്‍തൂക്കത്തിലാണ് അഞ്ചിടത്തും പാര്‍ട്ടികള്‍ ഇതുവരെ ഭരണം കൈപ്പിടിയിലൊതുക്കിത് എന്നതാണ് ശ്രദ്ധേയം.

നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. 2012ല്‍ കോണ്‍ഗ്രസിനാണ് വിജയമെങ്കില്‍ 2017ല്‍ ബി.ജെ.പി മന്ത്രിസഭയാണ് അധികാരത്തിലെത്തിയത്. 2012ല്‍ കേവലം ഒരു സീറ്റാണ് ബി.ജെ.പിയേക്കാള്‍ അധികമായി കോണ്‍ഗ്രസ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് 32ഉം ബി.ജെ.പിക്ക് 31ഉം. സ്വതന്ത്രരുടെയും ബി.എസ്.പിയുടെയും സഹായത്തോടെയാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കിയത്. കൂടാതെ രാഷ്ട്രപതി ഭരണവും കൂറുമാറ്റവും എല്ലാം ഉത്തരാഖണ്ഡ് കണ്ടു.

2014ലെ തെരഞ്ഞെടുപ്പ് സാഹചര്യമല്ല ഇന്നത്തേത് എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ പോരാട്ടം കനക്കും. അഴിമതി, വിലക്കയറ്റം, പ്രകൃതിക്ഷോഭം, അനധികൃത ഖനി ഇടപാട് എല്ലാം സംസ്ഥാനത്ത് വിഷയമാകുന്നുണ്ട്. ഇതിനുപുറമെ നോട്ട് നിരോധനവും അഴിമതി ആരോപണവും ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധമാണ്. എന്നാല്‍ ഗ്രൂപ്പ് പോരും പടലപിണക്കങ്ങളും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.