LiveTV

Live

National

സുബോധ് കുമാറിന്‍റെ കൊലപാതകം: പ്രതിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സുബോധ് കുമാറിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.

സുബോധ് കുമാറിന്‍റെ കൊലപാതകം: പ്രതിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

ബുലന്ദ്ശഹറിലെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്‍റെ കൊലപാതക കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സുബോധ് കുമാറിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സുബോധ് കുമാറിന്‍റെ കാണാതായ തോക്കിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ പ്രശാന്തിന്‍റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ഇതോടൊപ്പം മറ്റ് അഞ്ച് ഫോണുകള്‍ കൂടി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സുപ്രധാന തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സുബോധ് കുമാറിന്‍റെ തോക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. കേസില്‍ ഇത് വരെയായി 36 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ പ്രശാന്തിനെ ഗ്രെയ്റ്റര്‍ നോയിഡയില്‍ വച്ചായിരുന്നു പോലീസ് പിടികൂടിയത്. മറ്റൊരു പ്രധാന പ്രതിയായ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. പശുവിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ബുലന്ദ്ശഹറില്‍ നടത്തിയ പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.

അക്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ പ്രതിഷേധക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. അഖ്ലാക്ക് കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് ദുരൂഹമാണെന്ന ആരോപണം ഇനിയും അവസാനിച്ചിട്ടില്ല.