LiveTV

Live

National

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് കാഠിന്യമേറിയ ദൌത്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ച ദൌത്യം കാഠിന്യമേറിയതാണ്. കോണ്‍ഗ്രസിന് കാര്യമായ സംഘടനാ സംവിധാനം പോലുമില്ലാത്ത കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍..

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് കാഠിന്യമേറിയ ദൌത്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ച ദൌത്യം കാഠിന്യമേറിയതാണ്. കോണ്‍ഗ്രസിന് കാര്യമായ സംഘടനാ സംവിധാനം പോലുമില്ലാത്ത കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ മാജിക് കാട്ടാന്‍ പ്രിയങ്കയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണണം. എസ്‌.പി, ബി.എസ്‌.പി സഖ്യവും ബി.ജെ.പിയും ബലാബലം നോക്കുന്ന സംസ്ഥാനത്ത് റായ്ബറേലിക്കും അമേഠിക്കും അപ്പുറത്തേക്ക് കോണ്‍ഗ്രസ് പതാക പാറിക്കുക ശ്രമകരമാകും.

80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ അമേഠിയിലും റായ്ബറേലിയിലും മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനായത്. മിക്ക മണ്ഡലങ്ങളിലും തോറ്റു എന്നത് മാത്രമല്ല, ശക്തമായ മത്സരം നടത്താന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പ്രിയങ്കയ്ക്ക് ചുമതല നല്‍കിയ കിഴക്കന്‍ യു.പിയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. 33 മണ്ഡലങ്ങളാണ് കിഴക്കന്‍ യു.പിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും യോഗി ആദിത്യനാഥിന്റെ ഖോരക്പൂരും ഇതില്‍പ്പെടും.

2014ല്‍ ഈ 33 മണ്ഡലങ്ങളില്‍ 2 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് രണ്ടാമതെത്തിയത്. ബാരബങ്കിയിലും കുശിനഗറിലും. വാരാണസിയിലടക്കം മൂന്നിടത്ത് മൂന്നാം സ്ഥാനം. അയോധ്യയും ഖോരക്പൂരുമടക്കം 19 ഇടത്ത് നാലാമത്. 7 ഇടത്ത് 5 ആം സ്ഥാനത്തേക്കും രണ്ട് മണ്ഡലങ്ങളില്‍ ആറാം സ്ഥാനത്തേക്കും കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു. ജാതി -സാമുദായിക സമവാക്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന സംസ്ഥാനത്ത് പ്രത്യേകിച്ച് ഒരു വിഭാഗത്തിന്റെയും പിന്തുണ കോണ്‍ഗ്രസിന് അവകാശപ്പെടാനില്ല.

ന്യൂനപക്ഷ-ദളിത് വോട്ടുകള്‍ എസ്‌.പി- ബി.എസ്.പി സഖ്യം ഉറപ്പാക്കും. ബി.ജെ.പിയുടെ സവര്‍ണ വോട്ടുകളില്‍ കാര്യമായ വിള്ളല്‍ ഉണ്ടാകാന്‍ സാധ്യതയുമില്ല. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ രാമക്ഷേത്രം തന്നെയാകും ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയം. പരിമിതികള്‍ക്കിടയില്‍ ചെറിയ ചലനമെങ്കിലും ഉണ്ടാക്കാനായാല്‍ പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും അത് വലിയ നേട്ടമാകും.