LiveTV

Live

National

സി.ബി.ഐ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; നടപടി ചന്ദ കൊച്ചാറിനെതിരെ എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ

ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

സി.ബി.ഐ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; നടപടി ചന്ദ കൊച്ചാറിനെതിരെ എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ

ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരായ വായ്പ തട്ടിപ്പ് കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി. ചന്ദ കൊച്ചാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയുള്ള സ്ഥലം മാറ്റം കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസെടുത്തതിനെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ചന്ദ കൊച്ചാറിനെതിരായ അന്വേഷണ സംഘത്തിലെ എസ്.പി സുധന്‍ശു ധര്‍ മിശ്രക്കാണ് സ്ഥലം മാറ്റം. ഡല്‍ഹിയിലെ ബാങ്ക് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലില്‍ നിന്ന് റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക്. ജനുവരി 22ന് ചന്ദ കൊച്ചാറിനെതിരായ എഫ്.ഐ.ആറില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് അടിയന്തരമായ നടപടി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥര്‍ അതിസാഹസം ഒഴിവാക്കണമെന്നാണ്. യഥാര്‍ഥ കുറ്റവാളികള്‍ക്ക് പകരം ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നീങ്ങരുതെന്നും നിലവിലെ ഗതി വെച്ച് നോക്കുമ്പോള്‍ കേസ് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം അന്വേഷണ ഉദ്യോഗസ്ഥനെതിരായ നീക്കം.

രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ റെയ്ഡുകള്‍ നടത്തുകയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കെതിരെ നീങ്ങുമ്പോള്‍ അന്വേഷണ ഏജന്‍സികളെ വിരട്ടുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അന്വേഷണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 2009ല്‍ വീഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്ക് 3200 കോടി വായ്പ നല്‍കിയത് അഴിമതിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. വായ്പയിലെ നല്ലൊരു പങ്ക് വിഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ വ്യവസായത്തില്‍ നിക്ഷേപിച്ചെന്നാണ് എഫ്.ഐ.ആര്‍.