സാമ്പത്തിക സംവരണ നിയമത്തിന്റെ സാധുത പരിശോധിക്കും: സുപ്രീംകോടതി
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയ നിയമത്തിനെതിരായ ഹര്‍ജികളില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു

സാമ്പത്തിക സംവരണ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയ നിയമത്തിനെതിരായ ഹര്‍ജികളില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. മൂന്നാഴ്ചക്കകം മറുപടി നല്‍കണം. നിയമം താല്കാലികമായി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സംവരണ വിരുദ്ധ സംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റി അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി താല്കാലികമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. എന്നാല്‍ ഈ നിയമത്തിന്റെ സാധുത പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

നോട്ടീസിന് കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കണം. സര്‍ക്കാര്‍ നിലപാട് അറിയിച്ച ശേഷം കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് തന്നെ വിരുദ്ധമായ ഒന്നാണ്. സാമ്പത്തികം മാനദണ്ഡമാക്കി സംവരണം അനുവദിക്കരുതെന്നും ആകെ സംവരണ പരിധി 50 ശതമാനത്തില്‍ കൂടരുത് എന്നും 1992ലെ ഇന്ദിരാ സാഹിനി കേസ് വിധിയില്‍ സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയുടെ ലംഘനമാണ് ഇപ്പോഴത്തെ നിയമമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.