LiveTV

Live

National

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് ഇന്ത്യ ടി.വി; വ്യാജനെ പൊളിച്ച് ആള്‍ട്ട് ന്യൂസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് ഇന്ത്യ ടി.വി; വ്യാജനെ പൊളിച്ച് ആള്‍ട്ട് ന്യൂസ്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച ഇന്ത്യ ടി.വിയെ പൊളിച്ച് ആള്‍ട്ട് ന്യൂസ്. ജനുവരി 23നായിരുന്നു പ്രധാനമന്ത്രി നിലം തൂത്തു വാരുന്ന ഫോട്ടോ ഇന്ത്യ ടി.വി അവരുടെ ടി.വി ഷോയായ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേള്‍ക്കാത്ത കഥകള്‍’ (അണ്‍ഹേര്‍ഡ് സ്റ്റോറീസ് ഓഫ് പി.എം. നരേന്ദ്ര മോദി) എന്ന പരിപാടിയില്‍ കാണിച്ചത്. 20 മിനുറ്റോളമുള്ള പരിപാടിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം തൊട്ടുള്ള കഥകളായിരുന്നു പറഞ്ഞിരുന്നത്. പരിപാടിയുടെ 4:10 മിനുറ്റിലാണ് മോദി നിലം തൂത്തു വാരുന്ന ഫോട്ടോ ഇന്ത്യാ ടി.വി സ്ക്രീനില്‍ കാണിക്കുന്നത്. ‘നിരവധി കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം’ എന്നായിരുന്നു അവതാരകന്‍ ഫോട്ടോക്ക് വിവരണമായി പറഞ്ഞിരുന്നത്. ‘നായകനെ നിര്‍മ്മിക്കുന്നു’ എന്നാണ് മോദിയെ പുകഴ്ത്തി ഫോട്ടോയിലൂടെ അവതാരകന്‍ പറഞ്ഞത്.

എന്നാല്‍ 2016ല്‍ നല്‍കിയ വിവരാവകാശ രേഖയില്‍ മോദിയുടേതായി നല്‍കിയ ഫോട്ടോ വ്യാജമാണെന്ന് ഔദ്യോഗികമായി തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഫോട്ടോ മൂന്ന് വര്‍ഷം മുന്‍പ് ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചതാണെന്നും അറിയിക്കുന്നുണ്ട്. ഫോട്ടോ വ്യാജമാണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അന്ന് റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ഇന്ത്യാ ടി.വി ഇതാദ്യമായല്ല വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകളായ കിര്‍പന്‍, പിമ്പല്‍ എന്നിവ ഇന്ത്യന്‍ സൈന്യം ആക്രമിച്ചതായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കിര്‍പണ്‍ ഇന്ത്യയുടെ തന്നെ പോസ്റ്റാണെന്നും വാര്‍ത്തയില്‍ പറഞ്ഞ രൂപത്തില്‍ ഒരു തരത്തിലുമുള്ള ആക്രമവും നടന്നിട്ടില്ലെന്നും ഔദ്യോഗിക വിശദീകരണം വന്നിരുന്നു.