LiveTV

Live

National

പ്രിയങ്കയെ വ്യക്തിപരമായി ആക്രമിക്കുന്നത് ഒഴിവാക്കാന്‍ ബി.ജെ.പി തീരുമാനം

പ്രിയങ്ക ഗാന്ധിക്കെതിരായ ആരോപണ - പ്രത്യാരോപണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നീക്കം

പ്രിയങ്കയെ വ്യക്തിപരമായി ആക്രമിക്കുന്നത് ഒഴിവാക്കാന്‍ ബി.ജെ.പി തീരുമാനം

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയുള്ള പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ പക്വതയോടെയുള്ള പ്രതികരണവുമായി ബി.ജെ.പി. പ്രിയങ്ക ഗാന്ധിക്കെതിരായ ആരോപണ - പ്രത്യാരോപണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നീക്കം. പാര്‍ട്ടിയെ നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു, കുടുംബ വാഴ്ച തുടങ്ങിയവയില്‍ ഊന്നിയാകും ബി.ജെ.പി ആരോപണങ്ങള്‍.

ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിയുകയാണ് പ്രിയങ്ക ഗാന്ധിയുടെ വരവോടെ. ബി.ജെ.പി കോട്ടയായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തുന്നത് ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുണ്ട്. എങ്കിലും ഒറ്റ തിരിഞ്ഞ് പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത് ഒഴിവാക്കാനാണ് ബി.ജെ.പി തീരുമാനം. മികച്ചതും ഫലപ്രദവും പക്വവുമായ ആശയ വിനിമയ പാടവമുള്ള നേതാവാണ് പ്രിയങ്ക. ആരോപണങ്ങളും മറുപടിയും പ്രിയങ്കക്ക് ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്യും എന്നുമാണ് വിലയിരുത്തല്‍. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പരാജയ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസിലെ കുടുംബ വാഴ്ച തുടരുകയാണെന്നുമുള്ള ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്.

പ്രിയങ്കയുടെ വരവ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാക്കില്ലെന്നും ബി.ജെ.പി പറയുന്നു. പ്രിയങ്കയുടെയോ രാഹുലിന്റെയോ പേര് പറയാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പ്രിയങ്കക്ക് നേരെ ആയുധമായി ഉന്നയിച്ചിരുന്ന ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് നേരെയുള്ള കേസുകളുകളും ബി.ജെ.പിക്ക് ഉന്നയിക്കാനാകില്ല. ഉന്നയിച്ചാല്‍ അത് രാഷ്ട്രീയ ബലിയാടാക്കുകയാണെന്ന റോബര്‍ട്ട് വാദ്രയുടെ ആരോപണത്തിന് ബലം നല്‍കുന്നതാകും.