LiveTV

Live

National

സി.ബി.ഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്‍മാറി

കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്മാറി. സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സമതിയിലെ അംഗമാണെന്ന...

സി.ബി.ഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്‍മാറി

സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ ആയി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി. സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള ഉന്നത തല സമിതിയുടെ യോഗത്തില്‍ കഴിഞ്ഞ തവണ പങ്കെടുത്തതിനാലാണ് പിന്മാറ്റം. നേരത്തെ ചീഫ് ജസ്റ്റിസും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ സ്ഥാനത്ത് ചട്ടവിരുദ്ധമായാണ് എം.നാഗേശ്വര റാവുവിനെ നിയമിച്ചത് എന്നാണ് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്മാറി. സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സമതിയിലെ അംഗമാണെന്ന കാരണത്താലായിരുന്നു ഈ പിന്‍മാറ്റം.

ഇതേ സമിതി ജനുവരി 10ന് ചേര്‍ന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസിന് പകരം ജസ്റ്റിസ് സിക്രി പങ്കെടുത്തിരുന്നു എന്നതാണ് ജസ്റ്റിസ് സിക്രി പിന്മാറാനുള്ള കാരണം. കേസില്‍ നിന്ന് പിന്‍മാറുന്നത് ഇന്നലെ തന്നെ സിക്രിക്ക് പറയാമായിരുന്നുവെന്നും പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതോടെ തങ്ങളുടെ ആവശ്യം അപ്രസക്തമാകുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. എന്നാല്‍ ചീഫ് ജസ്റ്റിസ് തന്നോട് ചോദിച്ചിരുന്നില്ലെന്നും ജുഡീഷ്യല്‍ ഉത്തരവിലൂടെ ഈ ഹര്‍ജി തന്‍റെ ബഞ്ചിലേക്ക് കൈമാറുകയായിരുന്നുവെന്നും സിക്രി ചൂണ്ടിക്കാട്ടി.

കേസ് പരിഗണിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ലെന്നും ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്നത് നിരാശപ്പെടുത്തുന്നുവെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത ദവേ പിന്നീട് ചൂണ്ടിക്കാട്ടിയെങ്കിലും ജസ്റ്റിസ് സിക്രി തീരുമാനം മാറ്റിയില്ല. തുടര്‍ന്ന് കേസ് നാളെ മറ്റൊരു ബഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍‌ദേശിക്കുകയായിരുന്നു.