LiveTV

Live

National

ജഡ്ജിമാരുടെ നിയമന തീരുമാനം കൊളീജിയം തിരുത്തിയതില്‍‌ അതൃപ്തി രേഖപ്പെടുത്തി മഥന്‍ ബി.ലോകൂര്‍

ജസ്റ്റിസുമാരായ പ്രദീപ് നദ്രജോഗ്, രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം കൊളീജിയം തിരുത്തിയത് എങ്ങനെ എന്നറിയില്ല.

 ജഡ്ജിമാരുടെ നിയമന തീരുമാനം കൊളീജിയം തിരുത്തിയതില്‍‌ അതൃപ്തി രേഖപ്പെടുത്തി മഥന്‍ ബി.ലോകൂര്‍

സുപ്രിം കോടതിയിലെ രണ്ട് ജഡ്ജിമാരുടെ നിയമന തീരുമാനം കൊളീജിയം തിരുത്തിയതില്‍‌ അതൃപ്തി രേഖപ്പെടുത്തി വിരമിച്ച ജസ്റ്റിസും കൊളീജിയം അംഗവുമായിരുന്ന മഥന്‍ ബി.ലോകൂര്‍‌. ജസ്റ്റിസുമാരായ പ്രദീപ് നദ്രജോഗ്, രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം കൊളീജിയം തിരുത്തിയത് എങ്ങനെ എന്നറിയില്ല. യോഗ തീരുമാനം പരസ്യപ്പെടുത്താത്തതില്‍ അതൃപ്തനാണ്. ചീഫ് ജസ്റ്റിസ് അടക്കം എല്ലാവരും സൂക്ഷ്മ നിരീക്ഷത്തിലാണെന്നും അത് തുടരണമെന്നും ലോകൂര്‍ തുറന്നടിച്ചു.

ഡല്‍ഹിയില്‍ അഭിഭാഷക കൂട്ടായ്മയുടെ വെബ്സൈറ്റായ ദി ലീഫ് ലറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജസ്റ്റിസ് മഥന്‍ ബി.ലോകൂര്‍. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്ര ജോഗ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ എന്നിവരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താന്‍ ഡിസംബര്‍ പന്ത്രണ്ടിന് കൊളീജിയം തീരുമാനിച്ചു. ആ യോഗത്തിന് ശേഷം മുപ്പതിന് ലോകൂര്‍ വിരമിച്ചു. എന്നാല്‍ ജനുവരി 10 ന് കൊളീജിയം വീണ്ടും ചേര്‍ന്ന് മുന്‍ തീരുമാനം മാറ്റി. രണ്ട് യോഗങ്ങള്‍ക്കിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പുതിയ ജഡ്ജിമാരെ കുറിച്ച് തന്നെ അറിയിച്ചില്ല. കൊളീജിയം തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുന്ന രീതിയും പാലിക്കപ്പെട്ടില്ല. അതില്‍ അതൃപ്തനാണെന്ന് ലോകൂര്‍ പറഞ്ഞു.

സുപ്രിം കോടതി ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും നിരീക്ഷണത്തിലാണ്.അത് തുടരണം. എല്ലായിടത്തും സുതാര്യത വേണം. അഴിമതിക്കാരായ ജഡ്ജിമാരുടെ പേര് തുറന്ന് പറയണം എന്നും മഥന്‍ ബി.ലോകൂര്‍ പറഞ്ഞു. ജുഡീഷ്യല്‍ നിയമനം അടക്കമുള്ളവില്‍ സുതാര്യത ഇല്ലാത്തത് ചൂണ്ടിക്കാട്ടി മുന്‍ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയവരാണ് ജസ്റ്റിസ് മഥന്‍ബി ലോകൂരും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയിയും .എന്നാല്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയിട്ടും ജുഡീഷ്യല്‍ നിയമനക്കാര്യത്തില്‍ സുതാര്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് മഥന്‍ ബി. ലോകൂറിന്റെ വാക്കുകള്‍.