LiveTV

Live

National

മുന്‍ പുരസ്കാര ജേതാക്കൾക്ക് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അവഗണന

മോദി ഭരണകാലത്ത് അവാർഡ് ലഭിച്ചവർക്കു മാത്രമേ ഈ ആനുകൂല്യം നൽകാൻ സാധിക്കൂ എന്ന നിലപാടാണ് ഇക്കുറി മന്ത്രാലയം സ്വീകരിച്ചതെന്ന് മുൻ അവാർഡ് ജേതാവ്

മുന്‍ പുരസ്കാര ജേതാക്കൾക്ക് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അവഗണന

പുരസ്കാര ജേതാക്കൾക്കും വരാണസി പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ അവഗണന. ബി.ജെ.പി ഭരണത്തിൽ പുരസ്കാരം ലഭിച്ചവർക്ക് മാത്രമാണ് രജിസ്ട്രേഷന്‍ ഫീസിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ മറ്റ് പുരസ്കാര ജേതാക്കള്‍ക്ക് ഇരിപ്പിടം പോലും കിട്ടിയില്ലെന്ന് സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.

എല്ലാ വർഷവും 15 പ്രവാസികൾക്കാണ് പ്രവാസി ഭാരതീയ ദിവസ് പുരസ്കാരങ്ങൾ നൽകിവരുന്നത്. സമ്മേളനം രണ്ടുവർഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റിയപ്പോൾ പുരസ്കാരങ്ങളുടെ എണ്ണം മുപ്പതായി ഉയർത്തുകയും ചെയ്തു. മുൻ ജേതാക്കൾക്ക് തുടർ സമ്മേളനങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. എന്നാൽ മോദി ഭരണകാലത്ത് അവാർഡ് ലഭിച്ചവർക്കു മാത്രമേ ഈ ആനുകൂല്യം നൽകാൻ സാധിക്കൂ എന്ന നിലപാടാണ് ഇക്കുറി മന്ത്രാലയം സ്വീകരിച്ചതെന്ന് മുൻ അവാർഡ് ജേതാവും ബഹ്റൈനിൽ മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി ആരോപിച്ചു. മറ്റൊരു അവാർഡ് ജേതാവായ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ളയും ഇതു ശരി വെക്കുന്നു.

അതേസമയം ബി.ജെ.പി ഭരണത്തിൽ പുരസ്കാരം നേടിയ അശ്റഫ് താമരശ്ശേരി ഉൾപ്പെടെ എല്ലാവർക്കും ഹോട്ടൽ, യാത്രാ സൗകര്യം ഉൾപ്പെടെ എല്ലാം നൽകാൻ മന്ത്രാലയം തയാറായിട്ടുമുണ്ട്. ഇത്തവണ പ്രവാസി പുരസ്കാരം നൽകുന്നവരിൽ സംഘ്പരിവാർ ആഭിമുഖ്യമുള്ളവരാണ് കൂടുതൽ പേരുമെന്ന ആരോപണവും ശക്തമാണ്.