LiveTV

Live

National

‘എല്ലാവര്‍ഷവും ദീപാവലിക്ക് അഞ്ച് ദിവസം കാട്ടില്‍ താമസിക്കുമായിരുന്നു’ നരേന്ദ്ര മോദി

‘’ആരെക്കാണാനാണ് കാട്ടില്‍ പോകുന്നതെന്ന് പലരും ചോദിച്ചിരുന്നു. അപ്പോഴെല്ലാം സ്വയം കണ്ടെത്താനാണ് പോകുന്നതെന്നായിരുന്നു മറുപടി”

‘എല്ലാവര്‍ഷവും ദീപാവലിക്ക് അഞ്ച് ദിവസം കാട്ടില്‍ താമസിക്കുമായിരുന്നു’ നരേന്ദ്ര മോദി

ഹ്യൂമന്‍സ് ഓഫ് ബോംബെ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. അലഹബാദിലെ അമ്മാവന്റെ ചായക്കടയിലെ ജീവിതവും ദീപാവലി സമയത്തെ വനവാസവുമാണ് മോദി ഇത്തവണ വിവരിക്കുന്നത്. ആകെ അഞ്ച് ഭാഗങ്ങളുള്ള അഭിമുഖത്തിന്റെ ആദ്യ രണ്ട് ഭാഗം നേരത്തെ വന്നിരുന്നു.

കുട്ടിക്കാലവും പിതാവിനെ ചായക്കടയില്‍ സഹായിച്ചതും എട്ടാംവയസില്‍ ആദ്യ ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതുമെല്ലാമാണ് അഭിമുഖത്തിന്റെ ആദ്യ ഭാഗത്ത് മോദി പറഞ്ഞിരുന്നത്. കൗമാരകാലത്തെ അലച്ചിലുകളും രാമകൃഷ്ണമിഷനുമായും സന്ന്യാസികളുമായും ബന്ധപ്പെട്ടതും ഹിമാലയത്തില്‍ രണ്ട് വര്‍ഷം അലഞ്ഞതുമെല്ലാമാണ് രണ്ടാം ഭാഗത്തില്‍ പറഞ്ഞിരുന്നത്. അലഹബാദില്‍ അമ്മാവനൊപ്പം ചായക്കടയില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചാണ് മൂന്നാം ഭാഗത്തില്‍ മോദി പറഞ്ഞു തുടങ്ങുന്നത്.

Also read: ‘കൊടും തണുപ്പില്‍ മൂന്ന് മണിക്ക് ഉണരും’; മോദിയുടെ ഹിമാലയ ജീവിതം വിവേക് ഒബ്റോയിയെ കൂടി ഓര്‍മ്മിപ്പിച്ച് ട്രോളന്‍മാര്‍

'അലഹബാദിലെത്തിയപ്പോഴാണ് ആദ്യമായി വലിയ നഗരം കാണുന്നത്. അവിടെ ജീവിതത്തിന്റെ വേഗതക്ക് പോലും വലിയ മാറ്റമുണ്ടായിരുന്നു. അമ്മാവന്റെ കാന്റീനില്‍ സഹായിക്കാനാണ് അവിടെയെത്തിയത്. വൈകാതെ ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. അതോടെയാണ് ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവരുമായി ബന്ധപ്പെടാനാകുന്നത്. ആര്‍.എസ്.എസ് ഓഫീസ് വൃത്തിയാക്കുന്നത് മുതല്‍ ചായയും ഭക്ഷണവും വെക്കുന്നത് വരെ ഞങ്ങള്‍ ഊഴമിട്ടാണ് ചെയ്തിരുന്നത്.

ഹിമാലയം നല്‍കിയ അനുഭവപാഠങ്ങളെ മറക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പലര്‍ക്കും അറിയാത്ത മറ്റൊന്നുണ്ട്. ദീപാവലിയുടെ സമയത്ത് അഞ്ച് ദിവസം ഞാന്‍ ഒറ്റക്ക് കാട്ടിലേക്ക് പോകാറുണ്ട്. ഭക്ഷണമൊക്കെ എടുത്താണ് പോയിരുന്നത്. ശുദ്ധമായ വെള്ളവും പ്രകൃതിയും ഏകാന്തതയുമാണ് ആകര്‍ഷിച്ചിരുന്നത്. റേഡിയോയും പത്രവുമൊന്നും ലഭിക്കില്ല. പിന്നെ അന്നത്തെ കാലത്ത് ടി.വിയേയും ഇന്റര്‍നെറ്റുനേയും കുറിച്ച് പറയേണ്ടതില്ലല്ലോ. ആരെക്കാണാനാണ് കാട്ടില്‍ പോകുന്നതെന്ന് പലരും ചോദിച്ചിരുന്നു. അപ്പോഴെല്ലാം സ്വയം കണ്ടെത്താനാണ് പോകുന്നതെന്നായിരുന്നു മറുപടി' നരേന്ദ്ര മോദി അഭിമുഖത്തില്‍ പറയുന്നു.