‘ഷുജ തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല’ അമേരിക്കന്‍ ഹാക്കര്‍ക്കെതിരെ ഇ.വി.എം നിര്‍മ്മാണക്കമ്പനി
2014 തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിംങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായ ആരോപണവുമായി രംഗത്തെത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്ദ് ഷുജക്കെതിരെ ഇ.വി.എം നിര്‍മ്മാണക്കമ്പനി.

2014 തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിംങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായ ആരോപണവുമായി രംഗത്തെത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്ദ് ഷുജക്കെതിരെ ഇ.വി.എം നിര്‍മ്മാണക്കമ്പനി. 2014 തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്നായിരുന്നു അമേരിക്കന്‍ സൈബര്‍ വിദഗ്ധനായ സയ്ദ് ഷുജയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച ഇ.വി.എമ്മുകളുടെ നിര്‍മ്മാണത്തില്‍ താന്‍ പങ്കാളിയായിരുന്നതായും ഷുജ പറഞ്ഞിരുന്നു.
എന്നാല്‍ ഇ.വി.എം നിര്‍മ്മാണത്തില്‍ ഷുജ പങ്കാളിയായിരുന്നില്ലെന്നും തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ലെന്നുമാണ് ഇ.വി.എം നിര്‍മ്മാണ കമ്പനി നല്കുന്ന വിശദീകരണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡാണ് (ഇ.സി.ഐ.എല്‍) ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയത്.
2019- 2014 കാലയളവില്‍ താന്‍ ഇ.സി.ഐ.എല്ലില്‍ ജോലി ചെയ്തെന്നായിരുന്നു ഷുജ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ ഇങ്ങനെ ഒരാള്‍ കമ്പനിയില്‍ ജോലി ചെയ്യുകയോ ഇ.വി.എം നിര്‍മ്മാണത്തില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇലക്ഷന് കമ്മീഷനും കമ്പനി കത്ത് അയച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഷുജ ആരോപിച്ചിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ തിരിമറി നടന്നു. കുറഞ്ഞ ഫ്രീക്വന്‍സിയില്‍ ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന തരം ചിപ്പുകള്‍ വോട്ടിങ് യന്ത്രത്തില്‍ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയത്. റിലയന്‍സാണ് ഇതിന് ബി.ജെ.പിയെ സഹായിച്ചത്. രാജ്യത്തെ 9 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിങ്. വിവിപാറ്റും തട്ടിപ്പാണ്. 2015ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കനുകൂലമായി കൃത്രിമത്തിന് ശ്രമം നടന്നെങ്കിലും തങ്ങളുടെ ഇടപെടല്‍ മൂലം ഫലം ആം ആദ്മിക്കനുകൂലമാക്കി.
2014ല്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ കൊല്ലപ്പെട്ടതും വോട്ടിങ് യന്ത്രത്തിലെ തിരിമറിക്കും ബന്ധമുണ്ട്. മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. തങ്ങളില്‍ നിന്ന് നേരിട്ട് വിവരം സ്വീകരിച്ച മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷും കൊല്ലപ്പെട്ടു. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും വോട്ടിങ് യന്ത്രങ്ങളുടെ ഹാക്കിങ് സാധ്യത തേടിയിട്ടുണ്ടെന്നും ഷുജ പറഞ്ഞു.