LiveTV

Live

National

ഉത്തര്‍പ്രദേശില്‍ മിഷന്‍ 30 എന്ന തെരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ്

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച 30 സീറ്റുകള്‍ പ്രത്യേകം തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം

 ഉത്തര്‍പ്രദേശില്‍ മിഷന്‍ 30 എന്ന തെരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ 30 ലോക്സഭ സീറ്റുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച 30 സീറ്റുകള്‍ പ്രത്യേകം തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

മിഷന്‍ 30 എന്നതാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. 80 സീറ്റുകളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെങ്കിലും 2014ല്‍ ഒരു ലക്ഷം വോട്ടുകളെങ്കിലും നേടിയ 30 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് പദ്ധതി. ഇതില്‍ 15 സീറ്റെങ്കിലും വിജയിക്കണം. സഹാറന്‍പൂര്‍, ഗാസിയാബാദ്, ലഖ്നൌ, കാണ്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ പട്ടികയിലുണ്ട്.

നഗരകേന്ദ്രീകൃത മണ്ഡലങ്ങളാണ് പട്ടികയില്‍ മിക്കവാറും. ബിജെപിയുടെ സവര്‍ണ വോട്ടുബാങ്കുകളിലാണ് ഇവിടെ പാര്‍ട്ടിയുടെ കണ്ണ്. കര്‍ഷക രോഷം രൂക്ഷമായവയാണ് മറ്റുള്ളവ. പാര്‍ട്ടിക്ക് കരുത്തരായ സ്ഥാനാര്‍ഥികള്‍ ഉള്ള മണ്ഡലങ്ങളിലും മത്സരിക്കും. ത്രികോണ പോരാട്ടം പരമാവധി ഒഴിവാക്കുക, ബിജെപിയുടെ സാധ്യത കുറക്കുക എന്നിവയിലൂന്നിയാണ് കോണ്‍ഗ്രസ് തന്ത്രം. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചതോടെയാണ് കോണ്‍ഗ്രസ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രത്തിന് രൂപം നല്‍കിയത്. ചതുഷ്കോണ പോരാട്ടം നടന്ന 2014ല്‍ ബിജെപി 71 സീറ്റുകള്‍ വിജയിച്ചപ്പോള്‍ കേവലം 2 സീറ്റുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്.