LiveTV

Live

National

പി.എന്‍.ബി തട്ടിപ്പ് കേസ്; പ്രതി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു

പി.എന്‍.ബി തട്ടിപ്പ് കേസ്; പ്രതി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു. പാസ്പോര്‍ട്ട് ചോക്സി അന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ചോദ്യം ചെയ്യലിനായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നത് തടയാനാണ് മെഹുല്‍ ചോക്സിയുടെ ശ്രമം.

പി.എന്‍.ബി തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സിയെ ചോദ്യം ചെയ്യലിനും വിചാരണക്കുമായി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശക്തമാക്കിയിരുന്നു. ഇരട്ട പൗരത്വം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി മെഹുല്‍ ചോക്സി പാസ്‌പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയത്. പാസ്പോര്‍ട്ടിനൊപ്പം 177 ഡോളറും ചോക്സി സമര്‍പ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യുഎസിലേക്ക് പോയത്. പിന്നീട് യുഎസില്‍ നിന്ന് അന്റിഗ്വയിലേക്ക് കടന്ന് ആന്റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി. നീരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്. മോദി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിടരുതെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.