LiveTV

Live

National

യുപി വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടന

യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2017 മാര്‍ച്ച് മുതല്‍ ആഗസ്റ്റ് മാസം വരെ 63 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

യുപി വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടന

ഉത്തര്‍പ്രദേശ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏറെയും യാദവരും ന്യൂനപക്ഷങ്ങളുമാണെന്ന് മനുഷ്യാവകാശ സംഘടനയായ എന്‍.സി.എച്ച്.ആര്‍.ഒ. മനുഷ്യാവകാശ കമ്മീഷന്‍ അയച്ച നോട്ടീസിന് പോലും കേന്ദ്രസര്‍ക്കാരോ യു.പി സര്‍ക്കാരോ മറുപടി നല്‍കിയിട്ടില്ലെന്നും സംഘടന ആരോപിച്ചു. കുറ്റവാളികളെന്നാരോപിച്ച് പൊലീസ് വ്യാജഏറ്റുമുട്ടല്‍ നടത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളില്‍ ചിലരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് എന്‍.സി.എച്ച്.ആര്‍.ഒയുടെ വെളിപ്പെടുത്തല്‍ കുറ്റവാളികളാണ് കൊല്ലപ്പെടുന്നതെന്നും ഇവര്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുന്നതെന്നുമാണ് യു.പി സര്‍ക്കാരിന്റെ ന്യായീകരണം. എന്നാല്‍ യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2017 മാര്‍ച്ച് മുതല്‍ ആഗസ്റ്റ് മാസം വരെ 63 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2351 പേര്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് അവിശ്വസനീയമാണെന്നാണ് എന്‍.സി.എച്ച്.ആര്‍.ഒയുടെയും ഫാക്ട് ഫൈന്‍ഡിങ്ങ് കമ്മിറ്റിയുടെയും വിമര്‍ശനം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടും അത് ലഭിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും യു.പി സര്‍ക്കാരും പറയുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരില്‍ ചിലരുടെ കുടുംബാഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വ്യാജ ഏറ്റുമുട്ടലുകളെ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളും കാര്യമായെടുക്കുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.