LiveTV

Live

National

യാത്രക്ക് പണംകണ്ടെത്താന്‍ ‘സ്വയം തട്ടിക്കൊണ്ടുപോയ’ കൗമാരക്കാരന്‍!

പിതാവിന്റെ ഫോണിലേക്ക് മകന്റെ ഫോണില്‍ നിന്നയച്ച സന്ദേശത്തില്‍ നാല് ലക്ഷം രൂപ മോചന ദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു...

യാത്രക്ക് പണംകണ്ടെത്താന്‍ ‘സ്വയം തട്ടിക്കൊണ്ടുപോയ’ കൗമാരക്കാരന്‍!

കൂട്ടുകാര്‍ക്കൊപ്പം യാത്രപോകാന്‍ പണം കണ്ടെത്താന്‍ 17കാരന്‍ കണ്ടെത്തിയത് ഒരല്‍പം കടുംകൈയാണ്. സ്വയം തട്ടിക്കൊണ്ടുപോയി വീട്ടുകാരില്‍ നിന്നും നാല് ലക്ഷം മോചനദ്രവ്യമായി ആവശ്യപ്പെടാനായിരുന്നു ഫരീദ്ബാദുകാരന്റെ ശ്രമം. കൗമാരക്കാരനൊപ്പം തട്ടിക്കൊണ്ടുപോകല്‍ നാടകത്തില്‍ പങ്കാളികളായ മറ്റ് മൂന്ന് സുഹൃത്തുക്കളും പൊലീസ് പിടിയിലായതോടെയാണ് സംഭവം പുറത്താകുന്നത്.

ബുധനാഴ്ച്ച വൈകീട്ടോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് തുടക്കമാകുന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടി അവിടെയെത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ അറിയുന്നു. ഇതേ ദിവസം വൈകീട്ട് തന്നെ മകനെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം പിതാവിന്റെ ഫോണിലേക്ക് വന്നു. മകന്റെ ഫോണില്‍ നിന്നയച്ച സന്ദേശത്തില്‍ നാല് ലക്ഷം രൂപ മോചന ദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഡല്‍ഹിയിലേയും നോയിഡയിലേയും വിവിധ സ്ഥലങ്ങളില്‍ പണം കൈമാറണമെന്ന് ഫോണിലൂടെ കൗമാരക്കാരന്റെ സുഹൃത്തുക്കള്‍ നിരന്തരം ആവശ്യപ്പെട്ടു. ഫരീദാബാദിലെ ജ്വല്ലറിഉടമയായ പിതാവ് പണവുമായി കശ്മീരി ഗെയ്റ്റ്, കാലാ ഖാന്‍ ബസ് സ്റ്റാന്‍ഡ്, നോയിഡ് എക്‌സ്പ്രസ് വേ, ആനന്ദ് വിഹാര്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങി പല സ്ഥലത്തുമെത്തിയെങ്കിലും പണം കൈമാറേണ്ടവരെ കണ്ടെത്താനായില്ല.

പണം കൈപ്പറ്റാനെത്തിയാല്‍ പിടിക്കപ്പെടുമോയെന്ന പേടിമൂലമാണ് ഇവര്‍ സ്ഥലങ്ങള്‍ തുടര്‍ച്ചയായി മാറ്റിയതെന്ന് പിന്നീട് പൊലീസ് ഡെ. കമ്മീഷണര്‍ വിക്രം കപൂര്‍ പറഞ്ഞു. മെട്രോ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍പരിശോധിച്ചപ്പോള്‍ പൊലീസിന് ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തില്‍ 17കാരനെ തുഗ്ലക്കബാദ് മെട്രോ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.