LiveTV

Live

National

കര്‍ണാടക: യോഗത്തിനെത്താത്ത നാല് എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസ്സ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര എന്നീ എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ശീതയുദ്ധത്തിലാണ്

കര്‍ണാടക: യോഗത്തിനെത്താത്ത നാല് എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസ്സ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

കര്‍ണാടക നിയമസഭ കക്ഷി യോഗത്തിലെത്താത്ത നാല് എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസ്സ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. യോഗത്തിനെത്താതിരുന്ന നാല് പേരുടെയും വിശദീകരണം കേള്‍ക്കും. ഹൈക്കമാന്റുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു.

കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ‘ഓപ്പറേഷൻ താമര’ അവസാനിക്കുന്നില്ല. കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്തു നിന്ന് അടർത്തിയെടുത്ത രണ്ട് സ്വതന്ത്രര്‍ തിരികെ എത്തിയെങ്കിലും ഇന്ന് രാവിലെ മുതൽ നാല് കോൺഗ്രസ് എം.എൽ.എമാരെ കാണാതായിട്ടുണ്ട്. ഈ നാലുപേരും ഇന്ന് നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിട്ടില്ല. ഈ നാലുപേരോടും വിശദീകരണം ചോദിക്കുമെന്നാണ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്

ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരെയാണ് ഇപ്പോൾ കാണാതായിട്ടുള്ളത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര എന്നീ എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ശീതയുദ്ധത്തിലാണ്. ഇവരെ മുംബൈയിലെ ഹോട്ടലിലെത്തി ബി.ജെ.പി എം.പി സഞ്ജയ് രാമചന്ദ്ര പാട്ടീൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, വൈകീട്ട് നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ 75 എം.എൽ.എമാർ പങ്കെടുത്തു. നാലു വിമത എം.എ.എമാർ എത്തിയില്ല. രണ്ടു പേർ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് കാരണം ബോധിപ്പിട്ടുണ്ട്. ബി. നാഗേന്ദ്രയും ഉമേഷ് യാദവുമാണ് കാരണം ബോധിപ്പിച്ചത്. രമേശ് ജാർകിഹോളിയും കെ. മഹേഷുമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

മുംബൈയിൽ ബി.ജെ.പിയുടെ തടവിലെന്ന് ആരോപിക്കപ്പെട്ട രണ്ടു എം.എൽ.എമാരായ ഭീമ നായിക്, ബസൻഗൗഡ ദഡ്ഡാൽ എന്നിവർ ബുധനാഴ്ച കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ അരങ്ങേറിയിട്ടുള്ളത്. ഒളിവിൽ കഴിയുന്ന എം.എൽ.എമാർ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന് കോൺഗ്രസ് നേതൃത്വം അന്ത്യശാസനം നൽകിയിരുന്നു