റഫാല്‍ ഇടപാട്: മോദി സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആക്കി കുറച്ചത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം
നരേന്ദ്രമോദി ദേശ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്നും ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസും സി.പി.എമ്മും

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആക്കി കുറച്ചത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. മോദി സര്‍ക്കാര്‍ ഇടപാടില്‍ കൊണ്ടുവന്ന മാറ്റം വഴി ഓരോ വിമാനത്തിനും 41.42 ശതമാനം വില വര്‍ധനയുണ്ടായെന്ന ഒരു ദേശീയ പത്രത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ആരോപണം. നരേന്ദ്രമോദി ദേശ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്നും ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു.
യു.പി.എ കാലത്ത് 2007 ല്‍ രൂപകല്പനയും നിര്‍മ്മാണവും അടക്കം റഫാല്‍ വിമാനത്തിന് 90.41 മില്യണ്‍ യൂറോ ആയിരുന്നു വില. ഇത് എന്‍.ഡി.എ കാലത്ത് 2016 ആയപ്പോഴേക്കും 41.42 ശതമാനം വര്‍ധിച്ച് 127.86 മില്ല്യണ്‍ യൂറോ ആയെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് വീണ്ടും റഫാല്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായത്. മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു എന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചു. 2016നെ അപേക്ഷിച്ച് നോക്കുന്പോള്‍ 186 കോടിയാണ് ഓരോ വിമാനങ്ങള്‍ക്കും വര്‍ധിച്ചത്. വ്യോമ സേനക്ക് ആവശ്യമെന്നിരിക്കെ 126 വിമാനങ്ങളുടെ എണ്ണം 36 ആക്കി കുറച്ചത് എന്തിനെന്നും ചിദംബരം ചോദിച്ചു. റഫാല്‍ അഴിമതി മറച്ചുവെക്കാമെന്ന ബി.ജെ.പി സര്‍ക്കാര്‍ മോഹം നടക്കില്ല. അത് ഓരോന്നായി പുറത്ത് വരികയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് ജോതിരാധിത്യ സിന്ധ്യയും സമാന ആവശ്യം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സുഹൃത്തിനായുള്ള തിരക്കിട്ട നീക്കമായിരുന്നു മോദി നടത്തിയതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വിറ്ററില്‍ കുറിച്ചു. സത്യം പുറത്ത് വരാന്‍ ജെ.പി.സി അന്വേഷണം വേണം എന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ചു.