ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിയെന്ന് മുന്‍ നേതാക്കള്‍
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിച്ച് സംസാരിക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട തങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതായും ഇരുവരും പറഞ്ഞു

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് മുന്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കനയ്യ കുമാര്‍, ഉമര്‍ഖാലിദ്, അടക്കം 10 പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജെ.എന്‍.യുവിലെ മുന്‍ എ.ബി.വി.പി നേതാക്കളുടെ വെളിപ്പെടുത്തല്‍. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയര്‍ന്ന് വന്ന പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ എ.ബി.വി.പി ആസൂത്രണം ചെയ്തതാണ് അഫ്സല് ഗുരു അനുസ്മരണത്തിനിടെയുള്ള ദേശവിരുദ്ധ മുദ്രാവാക്യങ്ങളെന്ന് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റ് ജതിന് ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രതീപ് നര്‍വാള്‍ എന്നിവര്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിച്ച് സംസാരിക്കാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട തങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതായും ഇരുവരും പറഞ്ഞു. 2016 ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാനായ കനയ്യകുമാര്‍ അടക്കം പങ്കെടുത്ത അഫ്സല് ഗുരു അനുസ്മരണം നടന്നത്. പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കാണിച്ച് വീഡിയോ ദൃശ്യങ്ങളടക്കം എ.ബി.വി.പിയും ബി.ജെ.പി എം.പി മഹേഷ് ഗിരിയും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് മൂന്നു വര്‍ഷത്തിനുശേഷം തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമ്പസില്‍ മുദ്രാവാക്യം വിളിച്ചത് ചടങ്ങില്‍ നുഴഞ്ഞുകയറിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും നിരന്തരം ഉന്നയിച്ചിരുന്നു. 1200 പേജ് കുറ്റപത്രം ശനിയാഴ്ച ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി പരിഗണിക്കും.