LiveTV

Live

National

ജാതിവിരുദ്ധ - മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഏകാന്തതയും ആത്മത്യാഗത്തിന്റെ മൂന്ന് വര്‍ഷങ്ങളും

രോഹിതിന് ശേഷം നജീബ് സംഭവിച്ചു, അനിത സംഭവിച്ചു, ഉന സംഭവിച്ചു. അതിങ്ങനെ തുടരുന്നു. രോഹിത് എല്ലാ അതിജീവനങ്ങളുടെയും സംഗമ കേന്ദ്രമായി തുടരുന്നു

ജാതിവിരുദ്ധ - മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഏകാന്തതയും ആത്മത്യാഗത്തിന്റെ മൂന്ന് വര്‍ഷങ്ങളും

രോഹിത് വെമുലയോടൊപ്പം പുറത്താക്കപ്പെട്ട പ്രശാന്തും വിജയും സുങ്കണ്ണയും ശേഷുവും നിര്‍മ്മിച്ച ദലിത് ഗെറ്റോ എന്നര്‍ത്ഥം വരുന്ന ‘വെളിവാട’ സര്‍വ്വകലാശാല അതോറിറ്റി പൊളിച്ചു മാറ്റിയത് കഴിഞ്ഞ ആഴ്ചയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെമ്പാടും തിളച്ചു മറിയുന്ന ദലിത് രാഷ്ട്രീയത്തിന്റെ പ്രതീകകേന്ദ്രമായി അവശേഷിച്ചു വരികയായിരുന്നു വെളിവാട. ഇനിയവിടെ ബാക്കിയുള്ളത് രോഹിതിന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്തൂപമാണ്. രോഹിത് ആത്മത്യാഗം പൂര്‍ത്തിയാക്കിയത് വരെ ഇന്ത്യയിലെ കാമ്പസുകളിലൊന്നും അംബേദ്കര്‍ ഒരു നായകപരിവേഷം നേടിയിരുന്നില്ല. പക്ഷെ രോഹിതിന്റെ ആത്മത്യാഗത്തിന് മുന്നും പിന്നും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അംബേദ്കര്‍ മാത്രമായിരുന്നു നായകന്‍.

വലിയ ശബ്ദത്തോടു കൂടി ആരോ ഹോസ്റ്റല്‍ ഭാഗത്തേക്ക് ഓടിത്തുടങ്ങി. എന്തോ അസ്വാഭാവികത മണത്ത് ഞങ്ങളും കൂടെ ഓടിത്തുടങ്ങി. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓട്ടങ്ങളിലൊന്നാണ് അത്. ആ ഓട്ടത്തിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. റോഡ് കടന്നപ്പോള്‍ ഈ ഓട്ടം അവസാനിക്കുക ഏതോ ഒരു അപകടകരമായ വാര്‍ത്തയുടെ മുന്നിലായിരിക്കുമെന്ന് തീര്‍ച്ചപ്പെട്ടു

അംബേദ്കറിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി തോന്നിയിട്ടുള്ളത്, ഐശ്വരി കുമാര്‍ എന്ന അംബേദ്കര്‍ ചിന്തകനൊക്കെ പറയുന്നതു പോലെ, അംബേദ്കറിന്റെ ഏകാന്തത ആണ്. അംബേദ്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലങ്ങോളം ഏകാന്തനായിരുന്നു. സ്വാതന്ത്ര്യസമരം എന്നത് ഒരു പ്രധാനപ്പെട്ട, മുഖ്യധാരാ രാഷ്ട്രീയ സമരമായിരുന്നപ്പോഴായിരുന്നു അംബേദ്കര്‍ അതിന് വലിയ വില കല്‍പിക്കാതിരുന്നത്. സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുക്കാവുന്ന രാഷ്ട്രീയ പരിവേഷങ്ങള്‍ക്കപ്പുറം സമുദായത്തിനെക്കുറിച്ചുള്ള നിരന്തര ചിന്തയാണ് അംബേദ്കറിനെ ഏകാന്തനാക്കിയത്. രോഹിത് മരണം പുല്‍കിയത് ഏകാന്തതയുടെ പലതരത്തിലുള്ള പുനഃസൃഷ്ടിപ്പിലൂടെ ആണ്. അംബേദ്കര്‍ ചിന്തയിലും രാഷ്ട്രീയത്തിലും ഏകാന്തനായിരുന്നു. രോഹിത് ജീവിതത്തിലും മരണത്തിലും ഏകാന്തനായിരുന്നു. രോഹിത് മരണത്തിലേക്ക് നീങ്ങുന്നത് രോഹിതിന്റെ ആത്മാവിനല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു.

അന്ന് ഉച്ചക്ക് രണ്ടു മണിയോടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് രോഹിത് ഉമ അണ്ണന്റെ റൂമിലേക്ക് കയറി കതകടച്ചപ്പോള്‍ ഞങ്ങളെല്ലാവരും യൂണിവേഴ്‌സിറ്റിയിലെ ഷോപ്‌കോമില്‍ നിരാഹാര സമരം ആരംഭിച്ച സുഹൃത്തുക്കളോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. അഞ്ചുപേരാണ് അന്ന് ദലിത് വിദ്യാര്‍ത്ഥികളുടെ സാമൂഹിക ബഹിഷ്‌കരണത്തിനെതിരെ നിരാഹാരം ആരംഭിച്ചത്. ഏഴ് മണിയോടെ പരിപാടികള്‍ ആരംഭിച്ചു. എല്ലാവരും ഷോപ്‌കോമിലാവുമ്പോള്‍ രോഹിത് അവന്റെ ഏകാന്തതയിലേക്ക് കയറി വാതിലടച്ചു. ഒരു മണിക്കൂറായിട്ടുണ്ടാവും, ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വലിയ ശബ്ദത്തോടു കൂടി ആരോ ഹോസ്റ്റല്‍ ഭാഗത്തേക്ക് ഓടിത്തുടങ്ങി. എന്തോ അസ്വാഭാവികത മണത്ത് ഞങ്ങളും കൂടെ ഓടിത്തുടങ്ങി. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓട്ടങ്ങളിലൊന്നാണ് അത്. ആ ഓട്ടത്തിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. റോഡ് കടന്നപ്പോള്‍ ഈ ഓട്ടം അവസാനിക്കുക ഏതോ ഒരു അപകടകരമായ വാര്‍ത്തയുടെ മുന്നിലായിരിക്കുമെന്ന് തീര്‍ച്ചപ്പെട്ടു. ഓട്ടം തുടര്‍ന്നു. എന്‍.ആര്‍.എസ് ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോള്‍ സുഹൃത്തായ നാഗരാജു ഗാര്‍ഡന്റെ മുന്നിലിരുന്ന് മുഖംപൊത്തി കരയുന്നതു കണ്ടു. താങ്ങാനാവാത്ത ഏതോ വാര്‍ത്തയിലേക്കാണ് ഞങ്ങള്‍ ഓടിക്കയറുന്നതെന്ന് മനസിലായി.

ജാതിവിരുദ്ധ - മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഏകാന്തതയും ആത്മത്യാഗത്തിന്റെ മൂന്ന് വര്‍ഷങ്ങളും

എന്‍.ആര്‍.എസിലെ കൈവരിയിലേക്ക് ഓടിക്കയറുന്ന നിമിഷങ്ങള്‍ നെഞ്ചിടിപ്പോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഒന്നാം നിലയിലേക്ക് ഓടിക്കിതച്ചെത്തിയപ്പോഴേക്കും രണ്ടു മൂന്നു വിദ്യാര്‍ത്ഥികള്‍ മുഖം തുടച്ചു തിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. പൂട്ടിയ വാതിലിന് മുന്നില്‍ നിന്ന് ചിലര്‍ മുകളിലേക്ക് ഏന്തിവലിഞ്ഞ് ഉള്ളിലെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ആരാണ് എന്ന് മനസിലാക്കാനുള്ള ശ്രമമായിരുന്നു അത്. മരണമാണെന്ന് എനിക്ക് മനസിലായി, പക്ഷെ ആരാണെന്ന് അറിയില്ലായിരുന്നു. തിരിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികളുടെ വിങ്ങിയ ശബ്ദങ്ങളില്‍ നിന്ന് രോഹിതിന്റെ പേര് ഇടക്കിടെ ഉച്ചാരണം പതറി പുറത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു. തലേദിവസം രാത്രി ഒരുമിച്ച് ചായ കുടിച്ച, നമ്മളൊരുമിച്ച് നടത്തിയ ഹെറ്ററോഗ്ലാസ്യ എന്ന പാ. രഞ്ചിത്തൊക്കെ പങ്കെടുത്ത അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടര്‍ച്ചയായി ആ പേരില്‍ ഒരു ഫിലിം ക്ലബ് ഉണ്ടാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച, രോഹിത് വെമുലയാണ് മരണം പുല്‍കിയതെന്ന് വിശ്വാസിക്കാതിരിക്കാന്‍ മനസ്സ് വാശി കാണിച്ചു. ഉള്ളാലെ അല്ലാഹുവിനോട് ദുആ ചെയ്തു, ഇത് രോഹിത് ആവരുതേ എന്ന്. രോഹിതിന്റെ പേരു പറഞ്ഞ് തദാഗത് എന്ന, പിന്നീട് ഞങ്ങളോടൊപ്പം ജയില്‍വാസമനുഷ്ഠിച്ച, അധ്യാപക സുഹൃത്ത് അലറിക്കരഞ്ഞ നിമിഷങ്ങളിലാണ് മനസ്സ് യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നത്.

ജാതിവിരുദ്ധ - മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഏകാന്തതയും ആത്മത്യാഗത്തിന്റെ മൂന്ന് വര്‍ഷങ്ങളും

പിന്നീടുള്ളത് ഒരു തരം ഡെഡ് എന്റായിരുന്നു. സഹിക്കാനാവാത്ത സങ്കടം രോഷത്തിലേക്ക് വഴിമാറി. മൃതദേഹം ആര്‍ക്കും വിട്ടു കൊടുക്കണ്ട എന്നു തീരുമാനിച്ചു. അപ്പറാവുവിനെ അറസ്റ്റ് ചെയ്തിട്ടു മാത്രം രോഹിതിനെ കൊണ്ടു പോയാല്‍ മതി എന്നും. രാവിലെ ആറു മണിവരെ മുദ്രാവാക്യങ്ങളില്‍ രോഷം കെട്ടി നിര്‍ത്തി ഞങ്ങള്‍ കാത്തു നിന്നു. പോലീസിനെതിരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്നവര്‍ കൈ കോര്‍ത്തു മതില്‍ കെട്ടി. മൃതദേഹത്തിനടുത്തു നിന്ന് ഡിക്കന്‍സ് ലിയനാര്‍ഡ് രോഹിതിന്റെ അവസാനത്തെ കത്ത് ഉറക്കെ വായിച്ചു. ഓരോ വരി എത്തുമ്പോഴും പല കോണുകളില്‍ നിന്നും വിങ്ങലുയര്‍ന്നു. അത് മറച്ചുവെക്കാന്‍ അതിനെക്കാളുച്ചത്തില്‍ മുദ്രാവാക്യങ്ങളും. രോഹിതിന്റെ വര്‍ഷങ്ങള്‍ നീളമുള്ള സുഹൃത്ത് ആഞ്ചി വന്ന് കരഞ്ഞു കാലു പതറിപ്പോകുന്നത് മനസില്‍ ഇപ്പോഴും നീറുന്ന ചിത്രമായി നില്‍ക്കുന്നു. ഇതിനിടയില്‍ പോലീസ് പുറത്ത് ഫോഴ്‌സ് വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. പുതിയ പോലീസ് വണ്ടികള്‍ വന്നു നിന്നു. കൂടുതല്‍ കൂടുതല്‍ ഫോഴ്‌സ് വന്നിറങ്ങി. ഉച്ചഭാഷിണിയില്‍ ഭീഷണി മുഴങ്ങി. സൂര്യന്‍ അടുത്ത പുലരിയിലേക്ക് വന്നിറങ്ങുമ്പോഴേക്കും മണിക്കൂറുകള്‍ നീണ്ട ആ നില്‍പ്പ് എല്ലാവരെയും തളര്‍ത്തിത്തുടങ്ങി. പോലീസ് അവസരം മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ചിലരൊക്കെ പ്രാഥമിക കൃത്യങ്ങള്‍ക്ക് വേണ്ടി ഹോസ്റ്റലുകളിലേക്കൊക്കെ പോയി തുടങ്ങിയ നിമിഷം, വലിയൊരു പോലീസ് ഫോഴ്‌സ് പെട്ടെന്ന് ഇരച്ചു കയറി. മുന്നില്‍ നിന്നിരുന്ന ഞങ്ങളഞ്ചു പേരെ കണ്ണു ചിമ്മുന്ന വേഗത്തില്‍ വാനില്‍ കയറ്റി. ഗച്ചിബൗളി പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ രോഹിതിനെ വഹിച്ചു കൊണ്ട് ചീറിപ്പാഞ്ഞു പോയ ആംബുലന്‍സ് കണ്ട് നിസ്സഹായരാവേണ്ടി വന്നു. മണിക്കൂറുകള്‍ക്കു ശേഷം ഉച്ചയോടെ ഞങ്ങളെ വിട്ടയച്ചു.

ഷോപ്‌കോമിലെ ഒരറ്റത്ത്, കെട്ടിടത്തിന് ഏറ്റവും മുകളില്‍ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ താഴേക്ക് നോക്കി നിന്നിരുന്ന വലിയ നക്ഷത്രത്തില്‍ അന്നു മുതല്‍ രോഹിത് പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രം പ്രതിഫലിച്ചു

തിരിച്ചു കാമ്പസിലെത്തിയപ്പോഴേക്കും ബി.ബി.സിയും സി.എന്‍.എന്നും അടങ്ങുന്ന മാധ്യമപ്പട ഷോപ്‌കോമിലെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയെങ്ങുമുള്ള കാമ്പസുകള്‍ എച്ച്.സി.യുവിലേക്ക് ഒഴുകി. രോഹിതിനു ചുറ്റും പുതിയ, വലിയ കൂട്ടങ്ങളുണ്ടായി. ഷോപ്‌കോമിലെ ഒരറ്റത്ത്, കെട്ടിടത്തിന് ഏറ്റവും മുകളില്‍ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ താഴേക്ക് നോക്കി നിന്നിരുന്ന വലിയ നക്ഷത്രത്തില്‍ അന്നു മുതല്‍ രോഹിത് പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രം പ്രതിഫലിച്ചു. ഓരോ ദിവസവും രാഷ്ട്രീയ നേതാക്കന്മാര്‍ കാമ്പസിലെത്തി. രാഹുല്‍ ഗാന്ധി, അസദുദ്ദീന്‍ ഉവൈസി, അരവിന്ദ് കെജ്‍രിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു പോകുന്നുണ്ടായിരുന്നു. കാമ്പസ് ഒന്നടങ്കം ക്ലാസുകള്‍ മുടക്കി ഷോപ്‌കോമില്‍ ദിവസങ്ങള്‍ ചെലവഴിച്ചു.

ചിക്കാഗോ, ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങി ലോകത്തെമ്പാടുമുള്ള സര്‍വ്വകലാശാലകളില്‍ രോഹിതിന്റെ എഴുത്തുകള്‍ വായിക്കപ്പെട്ടു, ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലായിരുന്നില്ല, മറിച്ച് സ്വന്തം സാമൂഹിക ഇടങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനങ്ങളെന്ന നിലക്കായിരുന്നു

ഇതാദ്യമായല്ല ഒരു ദലിത് വിദ്യാര്‍ത്ഥി ആത്മത്യാഗം ചെയ്യുന്നത്, പക്ഷെ, രോഹിതിന്റെ ത്യാഗം ആളുകളുടെ ജാതി പശ്ചാത്തലങ്ങളെ പിഴുതു പുറത്തു കൊണ്ടു വന്നിരുന്നു. ചിക്കാഗോ, ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങി ലോകത്തെമ്പാടുമുള്ള സര്‍വ്വകലാശാലകളില്‍ രോഹിതിന്റെ എഴുത്തുകള്‍ വായിക്കപ്പെട്ടു, ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിലായിരുന്നില്ല, മറിച്ച് സ്വന്തം സാമൂഹിക ഇടങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനങ്ങളെന്ന നിലക്കായിരുന്നു. അഥവാ, എല്ലായിടത്തെയും ഇന്ത്യന്‍ അക്കാദമിക തൊഴിലാളികളുടെ ജാതി പശ്ചാത്തലവും അധികാരങ്ങളും രോഹിത് ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കി. വര്‍ഗ്ഗ ഭിന്നത ഇന്ത്യന്‍ കാമ്പസ് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന ഘട്ടത്തില്‍ നിന്ന് മുന്നോട്ട് പോയിട്ട്, ജാതി ഭിന്നത രാഷ്ട്രീയത്തിന്റെ അടിസ്ഥാന യൂണിറ്റായി സ്വീകരിക്കപ്പെട്ടു. ജാതിയെ കേന്ദ്രപ്രമേയമായി സ്വീകരിച്ച പ്രാദേശിക രാഷ്ട്രീയ ചലനങ്ങളൊക്കെ ദേശീവും അന്തര്‍ദേശീയവുമായ പ്രാധാന്യം കൈവരിച്ചു തുടങ്ങി.

സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുക്കാവുന്ന രാഷ്ട്രീയ പരിവേഷങ്ങള്‍ക്കപ്പുറം സമുദായത്തിനെക്കുറിച്ചുള്ള നിരന്തര ചിന്തയാണ് അംബേദ്കറിനെ ഏകാന്തനാക്കിയത്. രോഹിത് മരണം പുല്‍കിയത് ഏകാന്തതയുടെ പലതരത്തിലുള്ള പുനഃസൃഷ്ടിപ്പിലൂടെ ആണ്.

രോഹിത് സൃഷ്ടിച്ച ഈ കൂട്ടങ്ങളിലും രോഹിത് ഏകാന്തനായിരുന്നു. സുഹൃത്തുക്കളെപ്പോലും കാണിക്കാതെ, സ്വന്തം മാതാവിനും സഹോദരനും അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള അവസരം നല്‍കാതെ രോഹിതിന്റെ മൃതദേഹം പോലീസ് തന്നെ കത്തിച്ചു കളയുകയായിരുന്നു. രോഹിതിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് വേണ്ടി പുറപ്പെടാന്‍ നിന്ന സുഹൃത്തുക്കളെ പോലീസ് ബോധപൂര്‍വ്വം തെറ്റായ സ്ഥലവിവരം നല്‍കി വഴിതെറ്റിച്ചു. പക്ഷെ, പോലീസിന് തങ്ങളുടെ അധികാരം പ്രയോഗിക്കാന്‍ പറ്റാത്ത ഇടത്തേക്ക് രോഹിത് വലുതായിക്കഴിഞ്ഞിരുന്നു. മാസങ്ങളോളം കാമ്പസുകള്‍ രോഹിതിന്റെ തീച്ചൂടില്‍ എരിഞ്ഞു നിന്നു. എല്ലായ്‌പോഴും ഓരങ്ങളില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട ഗെറ്റോ, അഥവാ വെളിവാട, കേന്ദ്രത്തിലേക്ക് പുനഃപ്രതിഷ്ഠ നേടി. ഭൂമിശാസ്ത്ര സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞു. ജാതി-വിരുദ്ധ രാഷ്ട്രീയം കൃത്യമായും സ്റ്റേറ്റ് വിരുദ്ധവുമാണെന്ന് രോഹിത് കാണിച്ചു തന്നു. പഴയ, ജാതി സാമൂഹികപരവും കൊളോണിയലിസം രാഷ്ട്രീയപരവും എന്നിങ്ങനെയുള്ള, സങ്കല്‍പങ്ങള്‍ അട്ടിമറിഞ്ഞു. ജാതിയുടെ ഏറ്റവും വലിയ ഏജന്റ് സ്റ്റേറ്റാണെന്ന് തുടര്‍ സമരങ്ങള്‍ നമുക്ക് കാണിച്ചു തന്നു.

ജാതിവിരുദ്ധ - മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഏകാന്തതയും ആത്മത്യാഗത്തിന്റെ മൂന്ന് വര്‍ഷങ്ങളും

ഹരിയാനയിലെ ഭഗാന എന്ന ഗ്രാമത്തിലെ ദലിതരുടെ ഇസ്ലാം സ്വീകരണത്തെ വസന്തകാലത്തിന്റെ ആഗമനം എന്നു വിശേഷിപ്പിച്ച രോഹിത് മുസ്ലിം രാഷ്ട്രീയത്തോടും അതിന്റെ എല്ലാവിധ റിസ്‌കുകളോടും വ്യക്തതയും ചങ്കൂറ്റവും ഉള്ള നിലപാടെടുത്ത വ്യക്തിയായിരുന്നു. ഒരുപക്ഷെ രോഹിതിനെ ഏകാന്തനാക്കിയതും അതു തന്നെയാകണം. കെ.കെ ബാബുരാജ് പറഞ്ഞതു പോലെ, മുസ്‍ലിം രാഷ്ട്രീയം അപകടം പിടിച്ചതും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്നതുമാണ്. ഗാന്ധി അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. രോഹിത് ഏറ്റവും അവസാനത്തെ ഉദാഹരണവും. ഒഴിഞ്ഞു മാറുന്നവരെ ചരിത്രം സംരക്ഷിക്കും, നേരിടുന്നവര്‍ ചരിത്രത്തെ അതിവര്‍ത്തിക്കും. ഇന്ന് രോഹിതിന്റെ ആത്മത്യാഗത്തിന്റെ മൂന്നാം വര്‍ഷമാണ്. രോഹിതിന് ശേഷം നജീബ് സംഭവിച്ചു, അനിത സംഭവിച്ചു, ഉന സംഭവിച്ചു. അതിങ്ങനെ തുടരുന്നു. രോഹിത് എല്ലാ അതിജീവനങ്ങളുടെയും സംഗമ കേന്ദ്രമായി തുടരുന്നു.