LiveTV

Live

National

മേഘാലയ ഖനി അപകടം: 33 ദിവസത്തിനു ശേഷം ആദ്യ മൃതദേഹം കണ്ടെത്തി

220 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേവിയുടെ റിമോട്ട് കണ്‍ട്രോള്‍ വാഹനം ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.

മേഘാലയ ഖനി അപകടം: 33 ദിവസത്തിനു ശേഷം ആദ്യ മൃതദേഹം കണ്ടെത്തി

മേഘാലയ ഖനിയപകടത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി രക്ഷാസംഘം. 220 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേവിയുടെ റിമോട്ട് കണ്‍ട്രോള്‍ വാഹനം ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. 14 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.

ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ നടന്ന ഖനിയപകടത്തില്‍ ഇതാദ്യമായാണ് രക്ഷാ സംഘങ്ങള്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബര്‍ 13ന് നടന്ന അപകടത്തില്‍ 15 തൊഴിലാളികളെ കാണാതായിരുന്നു. ഖനിക്കകത്തെ വെള്ളം വറ്റിക്കാനുള്ള ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടയിലാണ് നേവിയുടെ വിദൂര നിയന്ത്രിത തിരച്ചില്‍ വാഹനം ഉപയോഗിച്ചുളള തെരച്ചില്‍ ഫലം കണ്ടു തുടങ്ങുന്നത്. മൃതദേഹം ഖനിമടയുടെ കവാടം വരെ എത്തിച്ചുവെങ്കിലും പുറത്തേക്ക് എടുത്തിട്ടില്ല.

ഇത് പ്രായപൂര്‍ത്തി ആകാത്ത ഒരാളുടേതാതെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്നു തന്നെ മൃതദേഹം പുറത്തെത്തിക്കും. ഒരു പ്ളസ് ടു വിദ്യാര്‍ഥി അടക്കം പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെങ്കിലും അപകടത്തില്‍ പെട്ടതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ടുപേര്‍ ലുംതാരിയില്‍ നിന്നു തന്നെ ഉള്ളതും മൂന്നാമത്തെയാള്‍ മേഘാലയയിലെ മഗുര്‍മാരി സ്വദേശിയുമാണ്.

നേവിക്കു പുറമെ ഒറീസ ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേന, കോള്‍ ഇന്ത്യാ ലിമിറ്റഡ്, കിര്‍ലോസ്‌കര്‍ എന്നീ സംഘങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഖനിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. എന്നിട്ടും ഖനിക്കകത്ത് 300 അടിയോളമുള്ള ജലനിരപ്പില്‍ കാര്യമായ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.

ജലത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 13ന് സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് കിഴക്കന്‍ ജയന്തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഖനിക്കുള്ളിലെ തൊഴിലാളികള്‍ മരണപ്പെട്ടന്നെ തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം ഖനിക്കുള്ളില്‍ നിന്നും വരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.